Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതെരഞ്ഞെടുപ്പ് :...

തെരഞ്ഞെടുപ്പ് : അങ്കത്തട്ടിലേക്ക് മുന്നണികളുടെ മുന്നൊരുക്കം

text_fields
bookmark_border
കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ജില്ലയില്‍ മുന്നണി നേതൃത്വങ്ങള്‍ കൂട്ടിക്കിഴിക്കലുകളില്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ ഘട്ടത്തിലേക്ക് കടന്നതോടെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സജീവമായി. സ്ഥാനാര്‍ഥികള്‍ ആരെന്നത് ജനം ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിന്‍െറ ചൂടിലേക്ക് ജില്ല പതിയെ ഉണര്‍ന്നുവരുന്നതേയുള്ളൂ. ജില്ലയില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥികളായി നിലവിലെ എം.എല്‍.എമാര്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. മാനന്തവാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണനും വീണ്ടും സ്ഥാനാര്‍ഥികളാകുമെന്ന ധാരണയില്‍ ഏറെ മുമ്പേ മുന്നൊരുക്കം തുടങ്ങിയിട്ടുമുണ്ട്. ഇടക്ക് ഇരുവരും മണ്ഡലം വെച്ചുമാറാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും സിറ്റിങ് മണ്ഡലങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാകണമെന്ന കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മണ്ഡലം പ്രസിഡന്‍റുമാര്‍, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങിയവരില്‍നിന്ന് അഭിപ്രായം തേടിയിരുന്നു. അഭിപ്രായം എഴുതി ഒട്ടിച്ച കവറില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ജില്ലയിലെ നേതാക്കള്‍ സ്ഥാനാര്‍ഥിനിര്‍ണയ കാര്യത്തില്‍ ഡി.ഡി.സിക്ക് മുമ്പാകെ തങ്ങളുടെ അഭിപ്രായം സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റ മണ്ഡലത്തില്‍ മുന്നണി മാറ്റം സംബന്ധിച്ച ജനതാദള്‍-യുവിന്‍െറ നിലപാട് ഇരുമുന്നണികളും ഉറ്റുനോക്കുകയായിരുന്നു. മുന്നണിമാറ്റത്തിലേക്കുള്ള പാര്‍ട്ടിയുടെ ചരടുവലിയും മറ്റും ഇരുമുന്നണികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു. അവസാന നിമിഷം യു.ഡി.എഫ് പക്ഷത്ത് പാര്‍ട്ടി ഉറച്ചുനിന്നതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ജനതാദള്‍ മുന്നണി മാറുന്നപക്ഷം കല്‍പറ്റ സീറ്റ് കരഗതമാക്കാന്‍ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കള്‍ രംഗത്തുണ്ടായിരുന്നു. മുന്നണി മാറേണ്ടതില്ളെന്ന് ദള്‍ തീരുമാനിച്ചതോടെ ഇവരുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു. ജനതാദള്‍ മുന്നണി മാറുന്നപക്ഷം, അവര്‍ക്കായി ഒഴിച്ചിട്ടിരുന്ന കല്‍പറ്റയില്‍ ഇപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഒരുങ്ങുകയാണ് സി.പി.എം. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍െറ പേരാണ് കല്‍പറ്റയില്‍ ഇടതുപക്ഷത്തുനിന്ന് കാര്യമായി ഉയര്‍ന്നുകേള്‍ക്കുന്നത്. ഐക്യമുന്നണിക്ക് അടിത്തറ ശക്തമായ മണ്ഡലമാണെങ്കിലും ജയസാധ്യത നോക്കി മുന്നണി മാറുന്ന ജനതാദളിനെതിരെ യു.ഡി.എഫില്‍ അതൃപ്തി ശക്തമാണെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. നേരത്തേ, കോണ്‍ഗ്രസും ജനതാദളും മെഡിക്കല്‍ കോളജ് വിഷയത്തിലടക്കം ജില്ലയില്‍ പരസ്യമായ ഭിന്നിപ്പിലായിരുന്നു. ഇടതുമുന്നണിയില്‍ ചേക്കേറാന്‍ ദള്‍ നടത്തിയ നീക്കം ലീഗിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാല്‍ ഇക്കുറി കല്‍പറ്റ പിടിച്ചടക്കാമെന്ന് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. മാനന്തവാടി, ബത്തേരി മണ്ഡലങ്ങളില്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരെ അണിനിരത്താന്‍ പട്ടികവര്‍ഗ സ്ഥാനാര്‍ഥികളെ തേടുന്ന തിരക്കിലാണ് ഇടതുമുന്നണി. ജയലക്ഷ്മിക്കെതിരെ മുന്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ആര്‍. കേളുവാണ് സജീവ പരിഗണനയിലുള്ള ഒരാള്‍. ബത്തേരിയില്‍ ഇ.എം. ശങ്കരനെ വീണ്ടും മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. അതേസമയം, പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ യു.ഡി.എഫിന്‍െറ ഇരു സ്ഥാനാര്‍ഥികളും കുറിച്യ വിഭാഗത്തില്‍നിന്നായത് മറ്റു ഗോത്രവിഭാഗങ്ങളില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മണ്ഡലത്തില്‍ തങ്ങളുടെ സമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്ന് കുറുമ വിഭാഗം കോണ്‍ഗ്രസ് നേതൃത്വം മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ട്. സാമൂഹികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളും തങ്ങളുടെ പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story