Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2016 3:53 PM IST Updated On
date_range 26 Jun 2016 3:53 PM ISTസംരക്ഷണ സമിതി നിയമനടപടിക്ക്
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ നെയ്ക്കുപ്പയിലും ചങ്ങലമൂലക്കൊല്ലിയിലും കാട് വെട്ടിത്തെളിച്ച സര്‍വേ സംഘത്തിനും ട്രൈബല്‍ ഉദ്യോഗസ്ഥര്‍ക്കും നേതൃത്വം നല്‍കിയ സബ്കലക്ടര്‍ക്കുമെതിരെ 1961ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 27 പ്രകാരം കേസെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി വനാവകാശം നല്‍കാനെന്ന പേരില്‍ വയനാട്ടിലെ അവശേഷിക്കുന്ന കാടുകളുടെ സര്‍വനാശത്തിനിടയാക്കുന്ന സര്‍വേ സംഘങ്ങളെ പിന്‍വലിക്കണം. നഗ്നമായ വനം കൈയേറ്റത്തിനെതിരെ സത്വര നടപടികള്‍ ഉണ്ടാകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും സമിതി വ്യക്തമാക്കി. 2005 ഡിസംബര്‍ 13ന് വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും 75 വര്‍ഷം ദീര്‍ഘമുള്ള മൂന്നുതലമുറകള്‍ കൈവശംവെച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധകമാകൂ. അതല്ലാതെ കാടിനുപുറത്ത് താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്കും മറ്റും ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്. വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരുവിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ ആദിവാസികളില്‍നിന്ന് ട്രൈബല്‍ വളന്‍റിയര്‍ മുഖേന അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ് കലക്ടറുടെ നീക്കം അവസാനിപ്പിക്കണം. നെയ്ക്കുപ്പ പണിയ സെറ്റില്‍മെന്‍റിലെ 26 അപേക്ഷകര്‍ക്കായി 35 ഏക്കര്‍ വനഭൂമിയാണ് സര്‍വേ നടത്തിയത്. അപേക്ഷകര്‍ ഒരു കാലത്തും ഈ വനഭൂമിയില്‍ താമസിക്കുകയോ കൈവശം വെക്കുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ടില്ല. നിബിഡമായ ഈ കാട് വന്യജീവികളുടെ സുരക്ഷിത ആവാസ വ്യവസ്ഥയാണ്. നെയ്ക്കുപ്പയിലെ 26 അപേക്ഷകരില്‍ 16 പേര്‍ക്ക് ആറളത്ത് സര്‍ക്കാര്‍ ഭൂമിയും വീടും നല്‍കിയിട്ടുണ്ട്. മുമ്പ് രണ്ടുതവണ താമസം മാറ്റിയ ആദിവാസികളെ 1971ലെ ഭൂപരിഷ്ക്കരണ നിയമത്തെ തുടര്‍ന്ന് വനാതിര്‍ത്തിയിലുള്ള നരസിപ്പുഴയുടെ പുറമ്പോക്കില്‍ തള്ളുകയായിരുന്നു. നരകതുല്യ ജീവിതം നയിക്കുന്ന ഇവര്‍ ആറളത്ത് താമസിക്കാന്‍ വിമുഖരാണ്. ഇവരെ സര്‍ക്കാര്‍ ഭൂമി വിലക്കുവാങ്ങി പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. ചങ്ങലമൂലക്കൊല്ലിയിലെ 20 കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്ക് 2009ല്‍ വനാവകാശം നല്‍കിയതാണ്. മുമ്പ് വനാവകാശം ലഭിച്ചവരും പിന്നീട് പ്രായപൂര്‍ത്തിയായ മക്കളും പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും മറ്റിടങ്ങളില്‍നിന്നുവന്ന് താമസിക്കുന്നവരുമാണ് ഇവിടുത്തെ അപേക്ഷകര്‍. ഇവിടെയും നിബിഡ വനഭൂമിയിലാണ് മരത്തൈകളും അടിക്കാടും വെട്ടിമാറ്റി സര്‍വേ നടത്തിയത്. സബ് ഡിവിഷന്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സബ് കലക്ടര്‍ വനം വകുപ്പിന്‍െറ രേഖാമൂലമുള്ള അനുവാദമില്ലാതെ മരത്തൈകളും അടിക്കാടും വെട്ടിമാറ്റിയത് നിയമലംഘനമാണ്. ഭൂരഹിതരായ ആദിവാസികള്‍ക്ക് അവരിപ്പോള്‍ താമസിച്ചുവരുന്ന ഗ്രാമങ്ങളില്‍ യുക്തമായ ഭൂമി വിലക്കുവാങ്ങി നല്‍കുകയോ, സ്വകാര്യ തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശംവെച്ചുവരുന്ന പതിനായിരക്കണക്കിനേക്കര്‍ ഭൂമി വീണ്ടെടുത്ത് പതിച്ചുനല്‍കുകയോ ചെയ്യണമെന്ന് സമിതി പ്രസിഡന്‍റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story