Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2016 5:35 PM IST Updated On
date_range 17 Jun 2016 5:35 PM ISTഎന്നിട്ടും ജനറല്‍ ആശുപത്രിയെന്ന് വിളിക്കുന്നു
text_fieldsbookmark_border
കല്‍പറ്റ: പരിമിതികളില്‍ തിങ്ങിയും ആവശ്യത്തിന് ജീവനക്കാരില്ലാതെ ഞെരുങ്ങിയും കല്‍പറ്റ ജനറല്‍ ആശുപത്രി. ആവശ്യത്തിന് ഡോക്ടര്‍മാരില്ളെന്നുമാത്രമല്ല, പല വിഭാഗത്തിലും തസ്തിക പോലുമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ അധികസമയം ജോലിചെയ്യേണ്ട അവസ്ഥയാണ്. ക്ളീനിങ് ജീവനക്കാര്‍ എല്ലുമുറിയെ പണിയെടുക്കുന്നതുകൊണ്ടാണ് ആശുപത്രി ദുര്‍ഗന്ധപൂരിതമാവാതിരിക്കുന്നത്. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി നിയമിച്ച മൂന്നുപേരും ആര്‍.എസ്.ബി.വൈ നിയമിച്ച ഒരാളുമാണ് ക്ളീനിങ് പ്രവൃത്തികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കുന്നത്. 10 പേരെങ്കിലുമുണ്ടെങ്കിലേ ഇവിടെ ക്ളീനിങ് പ്രവൃത്തികള്‍ ഒരുവിധം തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. ആറുമാസമായി സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മറ്റൊരാളാണ് ഇപ്പോള്‍ ഈ ചുമതല നിര്‍വഹിക്കുന്നത്. ആശുപത്രിയുടെ നട്ടെല്ലായ ഡോക്ടര്‍മാര്‍ ആവശ്യത്തിനില്ല. 21 ഡോക്ടര്‍ തസ്തികകള്‍ ഉണ്ടെങ്കിലും 16 പേര്‍ മാത്രമാണുള്ളത്. സര്‍ജറി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരില്ല. സ്ത്രീരോഗ വിഭാഗത്തില്‍ രണ്ടു ജൂനിയര്‍ കണ്‍സല്‍ട്ടന്‍റുമാരുടെ സ്ഥാനത്ത് ഒരാള്‍ മാത്രമാണുള്ളത്. ഒരാള്‍ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരിക്കുകയുമാണ്. ഏറെ രോഗികളത്തെുന്ന ഓര്‍ത്തോ, ഇ.എന്‍.ടി, ഡെര്‍മറ്റോളജി എന്നിവക്ക് പ്രത്യേക വിഭാഗമില്ല. ഈ വിഭാഗങ്ങളില്‍ പുതിയ തസ്തിക സൃഷ്ടിച്ച് ഡോക്ടര്‍മാരെ നിയമിക്കേണ്ടതുണ്ട്. നാലു ക്ളര്‍ക്കുമാര്‍ വേണ്ടിടത്ത് ഒരാളും മൂന്ന് ടൈപിസ്റ്റിന്‍െറ സ്ഥാനത്ത് ഒരാളുമാണുള്ളത്. ഏറെ പ്രധാനപ്പെട്ട നഴ്സിങ് അസിസ്റ്റന്‍റ് തസ്തികയില്‍ മൂന്നുപേര്‍ മാത്രം. ചുരുങ്ങിയത് ഒമ്പതുപേരെങ്കിലും ആവശ്യമുള്ളപ്പോഴാണിത്. ഉള്ളവര്‍ കൂടുതല്‍ സമയം ജോലിയെടുത്താണ് രാത്രിയടക്കമുള്ള സമയത്ത് രോഗികളെ ശുശ്രൂഷിക്കുന്നത്. ഗ്രേഡ് വണ്‍ വിഭാഗത്തില്‍ ഒരാളും ഗ്രേഡ് ടുവില്‍ രണ്ടുപേരും മാത്രമാണ് നിലവിലുള്ളത്. അംഗീകൃത മാനദണ്ഡപ്രകാരം ജനറല്‍ ആശുപത്രിയില്‍ 240 ബെഡ് വേണം. എന്നാല്‍, ദിനേന 500ല്‍പരം രോഗികള്‍ ഒ.പിയിലത്തെുന്ന ഇവിടെ 40 ബെഡുകള്‍ മാത്രമാണുള്ളത്. ദിവസവും 10ഓളം രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടിവരുന്ന സാഹചര്യത്തിലാണിത്. പലപ്പോഴും ഒരു ബെഡില്‍ രണ്ട് രോഗികളെ കിടത്തേണ്ട സാഹചര്യമാണ്. കുടുതല്‍ ബെഡ് ഇടാനുള്ള സ്ഥലസൗകര്യമില്ലാത്തതും പ്രശ്നമാണ്. ചികിത്സക്കത്തെുന്ന രോഗികളില്‍ പകുതിയും ആദിവാസി വിഭാഗക്കാരാണ്. ഒരു സെക്യൂരിറ്റി സ്റ്റാഫ് മാത്രമാണിവിടെയുള്ളത്. ഇയാള്‍ക്ക് പകല്‍ സമയമാണ് ഡ്യൂട്ടി. രാത്രി സെക്യൂരിറ്റി സ്റ്റാഫ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആശുപത്രി പരിസരത്ത് സ്ഥാപിച്ച ബള്‍ബുകള്‍ സാമൂഹികദ്രോഹികള്‍ തകര്‍ത്തു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുക പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് സെക്യൂരിറ്റി ജീവനക്കാരാണ്. അതിനാല്‍ രാത്രിസമയത്ത് വൈദ്യുതി പോകുമ്പോള്‍ യഥാസമയം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ലാബ്, ഫാര്‍മസി എന്നിവ ഇല്ലാത്തതുമൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. വൈകീട്ട് മൂന്നര വരെ മാത്രമാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. 550ന് മുകളില്‍ ടെസ്റ്റുകള്‍ ദിനേന നടക്കുന്ന ഇവിടെ ആവശ്യത്തിന് സ്റ്റാഫ് ഇല്ല. മുഴുസമയം ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് ഇതുമൂലമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ലാബ് ടെക്നീഷ്യന്‍ പോസ്റ്റ് ഇല്ലാത്ത ഏക ജനറല്‍ ആശുപത്രിയായിരിക്കും ഇത്. മൂന്നുപേരാണ് ലാബില്‍ താല്‍ക്കാലിക ജീവനക്കാരായി ഉള്ളത്. ഫാര്‍മസിയില്‍ നാലുപേരെങ്കിലും വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്. ബ്ളഡ് ശേഖരിക്കല്‍ സംവിധാനം മാത്രമാണ് ഇവിടെയുള്ളത്. ബ്ളഡ്ബാങ്കിനുള്ള പ്രൊപ്പോസല്‍ നിരവധി തവണ അധികൃതര്‍ക്കു മുന്നില്‍ വെച്ചെങ്കിലും യാഥാര്‍ഥ്യമായില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിക്ക് സൗകര്യപ്രദമായ കെട്ടിടം കൈനാട്ടിയില്‍ സജ്ജമാണെങ്കിലും വെള്ളവും വൈദ്യുതിയും എത്താത്തതാണ് അവിടേക്ക് മാറുന്നതിന് തടസ്സമാവുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചില്ളെങ്കില്‍ പ്രയോജനമുണ്ടാവുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story