Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2016 5:37 PM IST Updated On
date_range 14 Jun 2016 5:37 PM ISTകണ്ണുള്ളവര്‍ കാണണം; ഇങ്ങനെയുമുണ്ട് ജീവിതങ്ങള്‍
text_fieldsbookmark_border
വെള്ളമുണ്ട: ‘മഴ തുടങ്ങിയപ്പം മുതല്‍ ഞങ്ങളും കുഞ്ഞുങ്ങളും ഉറങ്ങിയിട്ടില്ല. നിലത്ത് മുഴുവന്‍ വെള്ളം നിക്കുമ്പം എവിടെ പായവിരിച്ചുറങ്ങാനാ?’ മഴുവന്നൂര്‍ പണിയം കോളനിയിലെ സന്തോഷിന്‍െറ വാക്കുകളിലുണ്ട് അവരനുഭവിക്കുന്ന ദുരിതം മുഴുവന്‍. വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി-മഴുവന്നൂര്‍ പണിയ കോളനിയിലത്തെുന്നവരുടെ ഹൃദയം പിടയും പൊടിക്കുഞ്ഞുങ്ങളെയുംകൊണ്ട് ആദിവാസികള്‍ ഉറങ്ങുന്നത് കാണുമ്പോള്‍. പാളകൊണ്ട് നിര്‍മിച്ച ചുമരും പുല്ലും പ്ളാസ്റ്റിക് ഷീറ്റും മേഞ്ഞ മേല്‍ക്കൂരയുമുള്ള ഒറ്റമുറിയിലാണ് സന്തോഷും ഭാര്യ ബിന്ദുവും മൂന്ന് മക്കളും കിടന്നുറങ്ങുന്നത്. മഴ തുടങ്ങിയതു മുതല്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഉറക്കംപോലും നഷ്ടപ്പെട്ടിരിക്കുകയാണിവര്‍ക്ക്. കനത്ത ഒരു കാറ്റ് വന്നാല്‍ പറന്നുപോകുന്ന കൂരക്കകത്ത് പത്തോളം കുടുംബങ്ങള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദുരിത ജീവിതം നയിക്കുകയാണ്. സന്തോഷിന്‍െറ വീടിനരികിലായി 60 വയസ്സ് പിന്നിട്ട അമ്മിണി താമസിക്കുന്നത് പന്തലുപോലുള്ള കൂരയിലാണ്. രണ്ടുവശത്ത് മാത്രമാണ് പേരിനെങ്കിലും ചുമരുള്ളത്. ബാക്കി രണ്ട് വശങ്ങള്‍ തുറന്നുകിടക്കുന്നു. വാതിലോ മറയോ ഒന്നുമില്ലാത്തതിനാല്‍ ഇഴജന്തുക്കള്‍ കിടക്കപായയിലത്തെുന്നത് പതിവാണ്. ‘ഭാഗ്യംകൊണ്ടാണ് ജീവന്‍ പോകാത്തത്’ എന്ന് അമ്മിണി പറയുന്നു. കോളനിയിലെ മധു, ഉണ്ണി, സീത, മുകേഷ്, ലക്ഷ്മി, പ്രകാശ് എന്നീ കുടുംബങ്ങളും താമസിക്കുന്നത് ഇതുപോലുള്ള കൂരകളിലാണ്. ഓരോ മഴക്കാലത്തും കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകരുന്നതും പതിവാണ്. കാലവര്‍ഷക്കെടുതിക്കുള്ള ആനുകൂല്യംപോലും ലഭിക്കാറില്ല. ശുചിത്വ പദ്ധതികളെക്കുറിച്ച് പറയുമ്പോഴും ഇവിടെ ഒരു വീടിനും കക്കൂസില്ല. പത്തുവര്‍ഷത്തോളമായി ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്കടക്കം അഞ്ച് കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡുമില്ല. വീട്ട് നമ്പര്‍ പലര്‍ക്കും കിട്ടിയിട്ടില്ല. ഒരു വീട്ടിലും കറന്‍റില്ല. മരിച്ചാല്‍ ശവമടക്കാന്‍ ഭൂമിയുമില്ല. കുടിവെള്ളത്തിന് ഇവര്‍ സ്വന്തമായുണ്ടാക്കിയ ഒരു ‘കേണി’ (ചെറിയ കുളം) മാത്രമാണുള്ളത്. വേനല്‍ തുടങ്ങിയാല്‍ അതും വറ്റും. കോളനിയിലേക്കത്തെുന്ന റോഡില്ലാത്തതാണ് ഇവരനുഭവിക്കുന്ന മറ്റൊരു ദുരിതം. ഭവനപദ്ധതിയില്‍നിന്നും ഇവര്‍ പുറത്താകാന്‍ ഇതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാന റോഡിനോടു ചേര്‍ന്ന ആദിവാസികള്‍ക്ക് മാത്രമായി വീടും ഫണ്ടും വികസനങ്ങളും ഒതുങ്ങുമ്പോള്‍ കുറേയേറെ ജീവിതങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ കിടക്കുകയാണ്. ഒരു കക്കൂസുപോലും ഇവര്‍ക്കനുവദിക്കാത്ത ഭരണകൂടവും നീതികേട് കാട്ടുകയാണ്. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതിക്കും മുന്‍ പട്ടികവര്‍ഗമന്ത്രി പി.കെ. ജയലക്ഷ്മിക്കും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും എല്ലാം കാലങ്ങളായി ഫയലിലുറങ്ങുകയാണെന്നും ഇവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story