Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:50 PM IST Updated On
date_range 29 Jan 2016 4:50 PM ISTവയനാട് റെയില്‍വേ: പ്രതീക്ഷകള്‍ ചൂളം വിളിക്കുന്നു
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: കേരളത്തിന്‍െറ റെയില്‍വേ വികസനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്ത കമ്പനി രൂപവത്കരിക്കാനുള്ള തീരുമാനം വയനാടിന്‍െറ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് പുതിയ കരുത്താവുകയാണ്. നഞ്ചന്‍കോട്-വയനാട്, നിലമ്പൂര്‍ റെയില്‍പാത, ശബരി ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ലൈന്‍ എന്നിവയാണ് സംയുക്ത കമ്പനിയുടെ പ്രഥമ പരിഗണനക്കുവരുക. വയനാട് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഏറെക്കാലമായി ആവശ്യപ്പെടുന്ന മുഖ്യ ഡിമാന്‍ഡാണ് കമ്പനി രൂപവത്കരണത്തോടെ യാഥാര്‍ഥ്യമായത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പ്പാത വിജയകരമായി നടപ്പാവാനുള്ള ഒന്നാംഘട്ട വിജയമാണ് കമ്പനി രൂപവത്കരണത്തോടെ സഫലമായതെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് ‘മാധ്യമ’ത്തോടു പറഞ്ഞു. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ ലൈനും നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയുമാണ് സംയുക്ത കമ്പനി മുന്‍ഗണനനല്‍കി പരിഗണിക്കുകയെന്ന് വ്യക്തമായിട്ടുണ്ട്. 2004ലെ ബജറ്റിലാണ് ഈ രണ്ട് പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടത്. സബര്‍ബന്‍ ലൈന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ അഭിമാനപ്രശ്നമായി ഏറ്റെടുത്തതോടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടടക്കം തയാറായി. ലക്ഷം രൂപ മാത്രമാണ് ഈ പദ്ധതിയുടെ പ്രാഥമിക ചെലവുകള്‍ക്കായി അനുവദിക്കപ്പെട്ടത്. പതിറ്റാണ്ടുകളുടെ സ്വപ്നമായ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്കുവണ്ടി മുമ്പ് നടന്നിട്ടുള്ള അശാസ്ത്രീയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഒന്നടങ്കം ഒഴിവാക്കിയാണ് ഈ മേഖലയില്‍ അദ്വിതീയനായ എം. ശ്രീധരന്‍െറ നേതൃത്വത്തില്‍ അടുത്തകാലത്ത് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുതിയ അലൈന്‍മെന്‍റില്‍ പാതയുടെ ദൂരം 236 കി.മീറ്ററില്‍ നിന്നും 156 കി.മീറ്ററായി കുറഞ്ഞു. പദ്ധതിച്ചെലവില്‍ 1200 കോടി രൂപയുടെ കുറവാണുണ്ടായത്. റെയില്‍വേയെ സംബന്ധിച്ചിടത്തോളം ഏറെ ലാഭകരമാവുന്ന ഈ പാത, കന്യാകുമാരിയില്‍നിന്നും മൈസൂരു, ഹുബള്ളി, ഹൈദരാബാദ്, ഡല്‍ഹി നഗരങ്ങളിലേക്കുള്ള യാത്രാ ദൂരത്തില്‍ 350 കി.മീറ്ററിന്‍െറ കുറവു വരുത്തും. ബംഗളൂരുവിലേക്കുള്ള ദൂരം 80 കി.മീ. കുറയും. സംയുക്ത കമ്പനി രൂപവത്കരണത്തോടെ സംസ്ഥാനത്തിന് താല്‍പര്യമുള്ള പദ്ധതികള്‍ നിര്‍ദേശിക്കാനും അംഗീകരിപ്പിക്കാനും കഴിയുമെന്നതാണ് ഏറ്റവുംവലിയ പ്രത്യേകത. ഈ പദ്ധതി നടത്തിപ്പിനുമാത്രം പ്രത്യേക കമ്പനി രൂപവത്കരിക്കാം. സ്വകാര്യ പങ്കാളിത്തം തേടാം. സ്ഥലം സ്വന്തംനിലയില്‍ ഏറ്റെടുക്കാം. പദ്ധതിക്കാവശ്യമായ 74 ശതമാനം ഓഹരികള്‍ക്കായി ബാങ്കുകള്‍, തുറമുഖങ്ങള്‍, ഖനികള്‍ തുടങ്ങിയവയുടെ പങ്കാളിത്തം ആവശ്യപ്പെടാം. വയനാട് റെയില്‍വേ നടപ്പാക്കാനാവശ്യമായ എസ്.പി.വി (ഉപകമ്പനി)യുടെ രൂപവത്കരണമാണ് പദ്ധതി നടത്തിപ്പിന് ഇനി നടക്കേണ്ടത്. വയനാട് റെയില്‍വേ നടക്കാത്ത പദ്ധതിയല്ളെന്നും നടപ്പാക്കാനാവുമെന്നും പദ്ധതി അതിവിദൂരമല്ളെന്നുമുള്ള പുതിയ പ്രതീക്ഷയാണ് സംയുക്ത കമ്പനി രൂപവത്കരണത്തോടെ ഉടലെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story