Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2016 4:30 PM IST Updated On
date_range 22 Jan 2016 4:30 PM ISTകാത്തിരിപ്പിനറുതി; എം.ആര്‍.എസ് ഹോസ്റ്റല്‍ ഉദ്ഘാടനവും ഭൂമിവിതരണവും ഇന്ന്
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനോടനുബന്ധിച്ച് നാലരക്കോടി രൂപ ചെലവില്‍ പട്ടികവര്‍ഗ വികസനവകുപ്പ് നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടസമുച്ചയത്തിന്‍െറ ഉദ്ഘാടനവും മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂവിതരണവും വെള്ളിയാഴ്ച ഉച്ചക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗോത്രസമൂഹം ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്ന സ്വപ്നപദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. പ്രാക്തന ഗോത്രസമൂഹമായ കാട്ടുനായ്ക്ക വിഭാഗത്തിന്‍െറ ഉന്നമനത്തിനുവേണ്ടി 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ 223 ആണ്‍കുട്ടികളും 240 പെണ്‍കുട്ടികളുമാണ് താമസിച്ചുപഠിക്കുന്നത്. ഏഴായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറിയും ഉന്നതനിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ളാസ് റൂമുകളും കമ്പ്യൂട്ടര്‍ലാബും സ്വന്തമായുള്ള ഈ സ്കൂളിനോടനുബന്ധിച്ച് വിശാലമായ ഹോസ്റ്റല്‍ സംവിധാനവും വെള്ളിയാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത്തരത്തിലുള്ള കേരളത്തിലെ ഏക വിദ്യാലയമായി കല്ലൂര്‍ രാജീവ് ഗാന്ധി സ്കൂള്‍ ചരിത്രത്തിലിടംപിടിക്കുകയാണ്. സ്കൂളിനോടുചേര്‍ന്ന രണ്ടേക്കര്‍ സ്ഥലത്ത് രണ്ടു ബ്ളോക്കുകളിലായാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്. ആണ്‍കുട്ടികള്‍ക്ക് 21 മുറികളും പെണ്‍കുട്ടികള്‍ക്ക് 18 മുറികളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുക്കള, മെസ്ഹാള്‍ എന്നീ സൗകര്യങ്ങളുമുണ്ട്. മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഭൂമിവിതരണത്തിന്‍െറ ഒന്നാംഘട്ടമായി 285 കുടുംബങ്ങള്‍ക്കാണ് വെള്ളിയാഴ്ച ഭൂമി നല്‍കുക. ഒരേക്കര്‍വീതം ഭൂമിയുടെ കൈവശാവകാശ രേഖയാണ് കൈമാറുക. രാജീവ് ഗാന്ധി മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണന്‍, എം.വി. ശ്രേയാംസ്കുമാര്‍, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി എന്നിവര്‍ പങ്കെടുക്കും. വയനാട് എ.ഡി.എം ഇ. ഗംഗാധരന്‍, എല്‍.ആര്‍ ഡെ. കലക്ടര്‍ സി.എം. മുരളീധരന്‍, നൂല്‍പുഴ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശോഭന്‍കുമാര്‍, ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാം, ബെന്നി കൈനിക്കല്‍, വി. ബാലന്‍, എം.എം. സണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story