Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആദിവാസികളുടെ ലക്ഷം രൂപ...

ആദിവാസികളുടെ ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളുന്നു

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ലക്ഷം രൂപ വരെയുള്ള വായ്പാ കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവയില്‍നിന്ന് എടുത്തിട്ടുള്ളതും 2014 ഏപ്രില്‍ ഒന്നിന് തിരിച്ചടവ് കാലാവധി കഴിഞ്ഞ കുടിശ്ശികയായതുമായ വായ്പകളാണ് എഴുതിത്തള്ളുക. മുതലും പലിശയും പിഴപ്പലിശയും മറ്റു ചെലവുകളും അടക്കമാണ് ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് മാനന്തവാടിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കാനും ശ്രമം നടക്കുന്നുണ്ട്. ഗോത്രസമൂഹത്തില്‍പെട്ടവരുടെ ലക്ഷം രൂപ വരെയുള്ള കുടിശ്ശികകള്‍ എഴുതിത്തള്ളാനുള്ള പട്ടികജാതി, വര്‍ഗവകുപ്പിന്‍െറ ഉത്തരവ് 2015 ഒക്ടോബര്‍ ഒന്നിനാണ് പുറത്തിറങ്ങിയത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ഉന്നതതല യോഗം തിങ്കളാഴ്ചയാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടന്നത്. ധനകാര്യ സ്ഥാപനാധികൃതരും പട്ടികവര്‍ഗവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. വയനാട്ടില്‍നിന്ന് 4371 അപേക്ഷകളാണ് പദ്ധതിയില്‍ ലഭിച്ചത്. പദ്ധതി നിബന്ധനകള്‍ അനുസരിച്ച് അര്‍ഹരായവരുടെ തെരഞ്ഞെടുപ്പ് ഒരാഴ്ചക്കുള്ളില്‍ നടക്കും. ജില്ലയില്‍ 3000ത്തിലധികം പേര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കുമെന്നാണ് ഏകദേശ നിഗമനം. പദ്ധതിപ്രകാരം പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഒരു കുടുംബത്തില്‍ ഒരാള്‍ക്കുമാത്രമാണ് ആനുകൂല്യം. സഹകരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ദേശസാത്കൃത ബാങ്കുകള്‍, സര്‍വിസ് സഹകരണ ബാങ്കുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവകളില്‍നിന്നും എടുത്തിട്ടുള്ള വായ്പകളില്‍മാത്രമാണ് ആനുകൂല്യം അനുവദിക്കുന്നത്. 2006 ഏപ്രില്‍ ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെയുള്ള ഇത്തരത്തിലെ വായ്പകളാണ് പരിഗണിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്‍പറേഷനുകള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിങ് മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവരുടെ വായ്പകള്‍ ഈ പദ്ധതിയില്‍ എഴുതിത്തള്ളില്ല. അപേക്ഷകന്‍െറ കുടുംബത്തില്‍ ആരെങ്കിലും ഇത്തരം സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന സാഹചര്യങ്ങളിലും അപേക്ഷ പരിഗണിക്കില്ല. വായ്പയുമായി ബന്ധപ്പെട്ട ബാങ്കിങ് രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്‍െറ പകര്‍പ്പ് എന്നിവ ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറുടെ അഭിപ്രായക്കുറിപ്പിനോടൊപ്പം അപേക്ഷകന്‍ ഹാജരാക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരേക്കര്‍വീതം ഭൂമി അനുവദിച്ച നടപടിയോടൊപ്പം വായ്പ എഴുതിത്തള്ളല്‍ ആദിവാസിമേഖലയില്‍ വന്‍ തരംഗം സൃഷ്ടിക്കുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story