Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2016 6:48 PM IST Updated On
date_range 31 Dec 2016 6:48 PM ISTസൊസൈറ്റിയുടെ കെടുകാര്യസ്ഥത; വയനാട് ഫ്ളവര്‍ഷോ ഇത്തവണ മുടങ്ങും
text_fieldsbookmark_border
കല്‍പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികളുടെ കെടുകാര്യസ്ഥതമൂലം 30 വര്‍ഷമായി നടന്നുവരുന്ന ഫ്ളവര്‍ഷോ ഇത്തവണ മുടങ്ങും. ഊട്ടി ഫ്ളവര്‍ഷോ കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മേളയാണ് വയനാട് ഫ്ളവര്‍ഷോ. ഇതു കാണാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നും സഞ്ചാരികള്‍ എത്താറുണ്ട്. 2016 ജനുവരിയില്‍ നടത്തിയ ഫ്ളവര്‍ഷോയുമായി ബന്ധപ്പെട്ട കമ്മിറ്റി വിളിച്ചുകൂട്ടുകയോ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. മേള നഷ്ടമാണെന്ന് പൊതുവെ പ്രചരിപ്പിക്കാനാണ് കമ്മിറ്റി ഭാരവാഹികള്‍ ശ്രമിക്കുന്നതെന്നും ഇതില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മേള നഷ്ടമാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ കണക്കുകള്‍ അവതരിപ്പിക്കാത്തതിനാല്‍തന്നെ പ്രചാരണങ്ങള്‍ വിശ്വസിക്കാനാവില്ളെന്നാണ് അവരുടെ പക്ഷം. 2012 മുതല്‍ സൊസൈറ്റിയുടെ രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 1986ല്‍ തുടങ്ങിയ സൊസൈറ്റിയുടെ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നത് മാറിമാറി വന്ന ജില്ല കലക്ടര്‍മാരായിരുന്നു. എന്നാല്‍, 2012ലെ പ്രത്യേക സാഹചര്യത്തില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമ്മിറ്റി അംഗം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ. സദാനന്ദനാണ് അന്നുമുതല്‍ ഇന്നുവരെ പ്രസിഡന്‍റ്. സൊസൈറ്റി രജിസ്ട്രേഷന്‍ പുതുക്കുന്ന സമയത്ത് വരവ്-ചെലവ് കണക്കുകള്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. അതിനാല്‍തന്നെ സാമ്പത്തിക തിരിമറികള്‍ മൂലം രജിസ്ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സാധാരണ ജനുവരിയിലാണ് ഫ്ളവര്‍ഷോ സംഘടിപ്പിക്കാറുള്ളത്. മാസങ്ങള്‍ക്കു മുമ്പുതന്നെ സ്വാഗതസംഘം രൂപവത്കരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എന്നാല്‍, ഇത്തവണ ഒരു ഒരുക്കവും ആരംഭിച്ചിട്ടില്ല. അതിനാല്‍തന്നെ ഇത്തവണ ഫ്ളവര്‍ഷോ നടക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തല്‍. മേള മുടങ്ങുന്നതോടെ സൊസൈറ്റി ഈ ആവശ്യത്തിന് വാങ്ങിവെച്ച ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ വെറുതെയാവും. ഓരോ വര്‍ഷവും വാടകക്ക് എടുക്കുന്നതുമൂലമുണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടം കുറക്കുന്നതിനുവേണ്ടിയാണ് ഫ്ളവര്‍ഷോക്കുവേണ്ടി പല സാധനങ്ങളും സൊസൈറ്റി വിലകൊടുത്തു വാങ്ങിയത്. വാട്ടര്‍ ടാങ്കുകള്‍, ഫൗണ്ടനുകള്‍, അഞ്ചോളം ഇലക്ട്രിക്മോട്ടോറുകള്‍, ഫ്ളവര്‍ഷോ ഗ്രൗണ്ട് പൂര്‍ണമായും പ്ളംബിങ് നടത്തുന്നതിനാവശ്യമായ എച്ച്.ഡി, പി.വി.സി പൈപ്പുകള്‍, കാഷ് കൗണ്ടിങ് മെഷീന്‍, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍, മോട്ടോര്‍ സൈക്കിള്‍, സെക്യൂരിറ്റി ആവശ്യത്തിനുള്ള ക്ളോസ് സര്‍ക്യൂട്ട് കാമറ സിസ്റ്റം, പ്രധാന കവാടം, പ്രചാരണ വാഹനങ്ങള്‍ക്കായുള്ള സംവിധാനങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വെറുതെകിടക്കുക. ഇത്തവണ ഷോ നടക്കാതെ വന്നാല്‍ അത് അടുത്ത വര്‍ഷത്തെ പരിപാടിയെയും ബാധിക്കുമെന്നതുകൊണ്ടുതന്നെ സൊസൈറ്റിയുടെ ഈ സാമഗ്രികള്‍ നശിച്ചുപോകാനും ഇടയുണ്ട്. അതേസമയം, സ്വകാര്യ പുഷ്പമേളകളുടെ ആധിക്യം മൂലം സൊസൈറ്റിയുടെ മേളക്ക് സന്ദര്‍ശകര്‍ കുറവായിരുന്നതും തെരഞ്ഞെടുപ്പ് കാരണം സര്‍ക്കാര്‍ ടാക്സ് ഇളവ് ലഭിക്കാതിരുന്നതും 2016ല്‍ ഫ്ളവര്‍ഷോക്ക് 22 ലക്ഷം രൂപ നഷ്ടമാണെന്ന് സൊസൈറ്റി സെക്രട്ടറി മനോജ് പറയുന്നു. ജനുവരി ആദ്യവാരം ജനറല്‍ബോഡി വിളിച്ചുകൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story