Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2016 6:27 PM IST Updated On
date_range 14 Dec 2016 6:27 PM ISTകല്‍പറ്റയുടെ വികസനത്തിന് മാസ്റ്റര്‍ പ്ളാന്‍
text_fieldsbookmark_border
കല്‍പറ്റ: കല്‍പറ്റ മണ്ഡലത്തിന്‍െറ സമഗ്ര പുരോഗതി ലക്ഷ്യംവെച്ച് പരമാവധി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കി സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സംഘടിപ്പിച്ച വികസനചര്‍ച്ച. വയനാട് പ്രസ്ക്ളബില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അദ്ദേഹം അഭിപ്രായങ്ങള്‍ സ്വരൂപിച്ചു. വയനാടിന്‍െറ പ്രകൃതിയെയും ജലസാന്നിധ്യത്തെയും സംരക്ഷിക്കുന്നതിന് നെല്‍കൃഷി തിരിച്ചുകൊണ്ടുവരണം. താരതമ്യേന ലാഭം കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ വാഴകൃഷിയിലേക്ക് പോകുന്നത് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന തകരാറ് ഭീകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ തൊഴിലില്ലാത്തവരായതും നെല്‍കൃഷി നാടുനീങ്ങിയതിന്‍െറ ഫലമായാണ്. അതുമൂലം ആദിവാസികള്‍ കൂടുതല്‍ ദുരിതത്തിലായി. ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ സമൂല നടപടിക്രമങ്ങള്‍ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ഇടപെട്ട് എം.എല്‍.എ പറഞ്ഞു. ആദിവാസികളെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യമാണുള്ളത്. ആദിവാസി യുവാക്കളെയും യുവതികളെയും ടെക്നിക്കല്‍ കോഴ്സുകള്‍ അടക്കമുള്ള കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. ടി.ടി.സി പാസായ എല്ലാ ആദിവാസി വിഭാഗക്കാര്‍ക്കും ജോലിനല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. വയനാട്ടില്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി ഉള്ളതിനാല്‍ വയനാട്ടിലെ ആദിവാസികള്‍ക്കുമാത്രം പ്രത്യേക സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുണ്ടേരി ജി.വി.എച്ച്.എസ്.എസിനെ അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വയനാടിന്‍െറ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത രീതിയില്‍ ടൂറിസം മേഖല ശക്തിപ്പെടുത്തണമെന്ന് അഭിപ്രായം ഉയര്‍ന്നു. ഫാം ടൂറിസത്തിന്‍െറ സാധ്യത ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിയുള്ള നടപടി സ്വീകരിക്കും. പൂക്കോട് വെറ്ററിനറി കോളജില്‍ കാലിത്തീറ്റ പുല്‍കൃഷി ആരംഭിക്കാന്‍ തീരുമാനമായി. ജില്ലയിലെ കര്‍ഷകര്‍ക്ക് പശുക്കളെ വാങ്ങാനുള്ള അംഗീകൃത ഏജന്‍സിയായി വെറ്ററിനറി യൂനിവേഴ്സിറ്റിയെ നിശ്ചയിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ ഫാം ടൂറിസം-ഡെയറി ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തും. വയനാട് മെഡിക്കല്‍ കോളജ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പതുക്കയേ നീങ്ങുന്നുള്ളൂ. വയനാട്ടില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകളില്‍ രോഗികള്‍ക്കായി സീറ്റ് സംവരണം ചെയ്യാന്‍ ബന്ധപ്പെട്ടവരുമായി സംസാരിക്കും. കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസും സ്കാനിങ്ങും തുടങ്ങാന്‍ തീരുമാനമായിട്ടുണ്ട്. ജനറേറ്റര്‍ വാങ്ങാന്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചതായും ശശീന്ദ്രന്‍ പറഞ്ഞു. പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കാന്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദേശ സ്വയംഭരണ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ബഹുജന കണ്‍വെന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സി.കെ. ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയുടെ വികസനത്തെ സംബന്ധിച്ച് വ്യക്തമായ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story