Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2016 7:38 PM IST Updated On
date_range 23 Aug 2016 7:38 PM ISTഈ റോഡില്‍ തോടുണ്ട്, കാടുണ്ട്, കനാലുണ്ട്
text_fieldsbookmark_border
മുട്ടില്‍: മുട്ടില്‍ ടൗണില്‍നിന്ന് പരിയാരംവയല്‍ വഴി പുഴങ്കുനിയിലേക്കുള്ള റോഡ് ദുരിതമനുഭവിക്കുന്ന സാധാരണക്കാരോട് അധികൃതര്‍ പുലര്‍ത്തുന്ന അവഗണനയുടെ വലിയ ഉദാഹരണമാണ്. കൈപ്പാണിമൂല ചോയിക്കോളനിയിലെയും പുഴങ്കുനി കോളനിയിലേയുമടക്കം ഒട്ടേറെ ആദിവാസി കുടുംബങ്ങള്‍ക്കും തോട്ടംതൊഴിലാളികളും ചെറുകിട കര്‍ഷകരുമായ നിരവധി സാധാരണക്കാര്‍ക്കും ഏകാശ്രയമായ റോഡ് ഇന്ന് ‘കാടും തോടും കനാലു’മൊക്കെയായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങളായി ഈ അവസ്ഥയില്‍ ജനം നരകിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ക്ക് മിണ്ടാട്ടമില്ല. മുട്ടില്‍ പഞ്ചായത്തോഫിസിനോട് ചേര്‍ന്നാണ് ഈ റോഡിന്‍െറ തുടക്കം. അധികൃതരുടെ കണ്‍വെട്ടത്ത് റോഡിന് കുഴപ്പമൊന്നുമില്ല. രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് മൂന്ന്, നാല് വാര്‍ഡുകളിലായാണുള്ളത്. കഴിഞ്ഞതവണ ബ്ളോക് പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചതിനെ തുടര്‍ന്ന് കഷ്ടി ഒരു കിലോമീറ്ററോളം ടാറിങ് നടത്തിയിട്ടുണ്ട്. റോഡിനരികെയുള്ള സ്വകാര്യ ക്രഷര്‍ എത്തുന്നതോടെ ടാറിങ് അവസാനിക്കുന്നു. പിന്നീട് മെറ്റല്‍ പാകിയ റോഡാണ്. 300 മീറ്ററോളം ഈ അവസ്ഥ തുടരും. ഇതിനിടയിലെ ഒരു കയറ്റത്തില്‍ കോണ്‍ക്രീറ്റിട്ടതാണ് പഞ്ചായത്തിന്‍െറ മുന്‍കാലങ്ങളിലെ ഏക ഇടപെടല്‍. ശേഷം, റോഡ് പ്രവേശിക്കുന്നത് വയല്‍ഭാഗത്തേക്കാണ്. ഈ സ്ഥലത്ത് റോഡുണ്ടെന്ന് പറയാനാവില്ല. വെള്ളം കെട്ടിക്കിടക്കുന്ന ഇവിടം ഒരു തോടിന്‍െറ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ചളിയും വെള്ളവും നിറഞ്ഞ ഈ ഭാഗത്ത് വാഹനഗതാഗതം സാധ്യമല്ലാത്ത അവസ്ഥയാണ്. വിദ്യാര്‍ഥികളടക്കം പ്രദേശത്തുകാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. പഞ്ചായത്തില്‍തന്നെ പണിയ വിഭാഗക്കാര്‍ ഏറെ പരിതാപകരമായ ജീവിതം നയിക്കുന്ന ചോയിക്കോളനിക്ക് തൊട്ടുമുന്നിലത്തെിയാല്‍ പിന്നീട് കൂറേദൂരം റോഡ് കാടായി മാറും. റോഡില്‍ വളര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ കാല്‍നടപോലും അസാധ്യം. റോഡരികിലെ തോടിനോടു ചേര്‍ന്നുള്ള സിമന്‍റ് കെട്ടിന് മുകളിലൂടെ ഒരാള്‍ക്കു മാത്രം നടന്നുപോവാന്‍ കഴിയുന്ന വഴിയിലൂടെയാണ് ആളുകള്‍ സഞ്ചരിക്കുന്നത്. കനത്ത മഴയില്‍ ഇവിടമെല്ലാം ചളി നിറഞ്ഞ് കാല്‍നട പോലും സാധ്യമാവാത്ത അവസ്ഥവരുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈകാട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഭാഗത്തെ റോഡ് എന്നു പറയാനാവില്ല. ‘കനാല്‍’ എന്ന വിശേഷണമാണ് ഇതിന് യോജിക്കുന്നത്. നാലാം വാര്‍ഡില്‍നിന്ന് റോഡ് മൂന്നാംവാര്‍ഡിലേക്ക് ഗതിമാറുന്നത് ഇവിടെവെച്ചാണ്. ഇരുഭാഗത്തും കോണ്‍ക്രീറ്റ് മതില്‍കെട്ടിയിട്ടുണ്ട്. നടുവില്‍ വെള്ളമൊഴുകാനുള്ള സ്ഥലം പോലെയാണുള്ളത്. ഈ സ്ഥലത്ത് മണ്ണിട്ടുനികത്തിവേണം റോഡിന്‍െറ രൂപത്തിലാക്കാന്‍. ഇതിപ്പോള്‍ കാടുമൂടിക്കിടക്കുകയാണ്. അരികുഭിത്തി നിര്‍മാണം കഴിഞ്ഞ് കാലമേറെയായെങ്കിലും റോഡായി മാറ്റുന്നതിന് മണ്ണിടാനുള്ള നീക്കങ്ങളൊന്നുമില്ല. തൊഴിലുറപ്പു പദ്ധതിയില്‍പെടുത്തി ഈ ജോലി ചെയ്യിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ പുഴയില്‍ വെള്ളം കയറുമ്പോള്‍ പുഴങ്കുനിക്കാര്‍ക്ക് ആശ്വാസമാകേണ്ട റോഡിനോട് ഈവിധം അവഗണ തുടരുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ഏകാശ്രയമായ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാലാം വാര്‍ഡ് മെംബര്‍ ചന്ദ്രിക ആവശ്യപ്പെട്ടു. ‘മെംബര്‍മാര്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വളരെ ചുരുങ്ങിയ തുകയാണ് ഞങ്ങള്‍ക്ക് ഫണ്ടായി അനുവദിച്ചുകിട്ടുന്നത്. ഈ റോഡിന് എം.എല്‍.എ ഫണ്ടില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ തുക അനുവദിക്കണം. ഒരുപാടുകാലമായി ഇവിടത്തെ ജനം ഈ റോഡിന്‍െറ പൂര്‍ത്തീകരണത്തിനുവേണ്ടി കാത്തിരിക്കുന്നു’- ചന്ദ്രിക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story