Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2016 4:02 PM IST Updated On
date_range 8 April 2016 4:02 PM ISTമൂന്നാനക്കുഴിയില്‍ ഗതാഗതത്തിന് ഭീഷണിയായി മരങ്ങള്‍
text_fieldsbookmark_border
കേണിച്ചിറ: ബീനാച്ചി-പനമരം റോഡില്‍ വാഹന ഗതാഗതത്തിന് ഭീഷണിയായി നിരവധി മരങ്ങള്‍. അപകട മരണങ്ങള്‍ ആവര്‍ത്തിച്ചിട്ടും അധികാരികള്‍ പാഠംപഠിക്കാത്ത സാഹചര്യമാണുള്ളത്. ഏറ്റവുമൊടുവില്‍ ബുധനാഴ്ച രാത്രി മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സോമരാജനാണ് മരിച്ചത്്. മരങ്ങള്‍ മുറിച്ചോ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയോ അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം. സിസി മുതല്‍ മൂന്നാനക്കുഴി വരെയുള്ള മൂന്നു കി.മീറ്ററിലാണ് വാഹനഗതാഗതത്തിന് ഭീഷണിയായ രീതിയില്‍ നിരവധിമരങ്ങള്‍ നില്‍ക്കുന്നത്. റോഡിലേക്ക് ചാഞ്ഞും വളവില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന രീതിയിലുമാണ് മിക്ക മരങ്ങളും. പലതവണ മരം വാഹനങ്ങള്‍ക്ക് മുകളില്‍ വീണുള്ള അപകടങ്ങള്‍ ഈ ഭാഗത്ത് നടന്നിട്ടുണ്ട്. നിയന്ത്രണംവിട്ട് വാഹനങ്ങള്‍ മരത്തിലിടിച്ചും അപകടങ്ങള്‍ ആവര്‍ത്തിച്ചു. മരങ്ങള്‍ കാരണം സൈഡ് കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. യൂക്കാലിക്കവല വളവിലെ കൂറ്റന്‍ മരത്തില്‍ ആഴ്ചയില്‍ ഒന്നെന്ന കണക്കിന് വാഹനമിടിക്കുന്നുണ്ട്. ഒരു ഡസനോളം ആളുകളാണ് ഈ മരത്തിലില്‍ വാഹനമിടിച്ചുണ്ടായ അപകടങ്ങളില്‍ മരിച്ചിട്ടുള്ളത്. പൊതുവെ വീതികുറഞ്ഞ റോഡിന്‍െറ ഒരുഭാഗം മരം അപഹരിക്കുകയാണ്. പുല്ലുമലക്കും യൂക്കാലിക്കവലക്കുമിടയില്‍ പത്തോളം മരങ്ങളാണ് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നത്. പുല്ലുമലക്കുശേഷം സിസി വരെ തേക്കിന്‍ തോട്ടമാണ്. റോഡില്‍ ടാറിനോട് ചേര്‍ന്നാണ് മരങ്ങള്‍ നില്‍ക്കുന്നത്. അല്‍പം തെറ്റിയാല്‍ വാഹനങ്ങള്‍ മരത്തിലിടിക്കും. കഴിഞ്ഞദിവസം ഫോറസ്റ്റ് ഓഫിസര്‍ മരിച്ചതും ഈ രീതിയിലാണ്. പൊതുമരാമത്ത് വകുപ്പും വനം വകുപ്പും വിചാരിച്ചാലേ മരംമുറിച്ച് നീക്കാന്‍ പറ്റൂ. എന്നാല്‍, ഇതിന് ഉദ്യോഗസ്ഥര്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. 40 ഓളം ബസുകള്‍ സര്‍വിസ് നടത്തുന്ന റോഡാണ് ബീനാച്ചി-പനമരം. അടുത്തിടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പത്ത് ബസുകള്‍ ഓട്ടം തുടങ്ങിയത്. ഇതോടെ വാഹനങ്ങളുടെ മരണപ്പാച്ചിലാണ് ഈ റൂട്ടില്‍. റോഡ് നിരപ്പാക്കി വീതി കൂട്ടാനുള്ള ആലോചനകള്‍ നടക്കുന്നതല്ലാതെ പ്രായോഗികമാകുന്നില്ല. റോഡ് വികസനം നീളുന്ന മുറക്ക് അപകടങ്ങളും കൂടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story