Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2015 4:02 PM IST Updated On
date_range 29 Oct 2015 4:02 PM ISTസ്പോര്‍ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയം; കുട്ടികളോട് അവകാശലംഘനം –സി.ഡബ്ള്യു.സി
text_fieldsbookmark_border
കല്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴില്‍ കല്പറ്റയില് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലിലെ സ്ഥിതി ദയനീയമാണെന്നും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ളെന്നും കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി(സി.ഡബ്ള്യു.സി) അന്വേഷണത്തില്‍ കണ്ടത്തെി. സര്‍ക്കാര്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് ഹോസ്റ്റല്‍ ഉടന്‍ മാറ്റി സ്ഥാപിക്കാനാവശ്യപ്പെട്ട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് സി.ഡബ്ള്യു.സി വയനാട് ഇടക്കാല ഉത്തരവ് നല്കി. ഈ മാസാദ്യം പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അത്ലറ്റിക് താരം ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍, ലഭ്യമായ പ്രാരംഭവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാലക്ഷേമ സമിതിയുടെ ഉത്തരവ്. സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി വാര്ഡന്മാരെ നിയമിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. പക്വതയും പരിചയവുമുളള ഒരു വാര്‍ഡനെങ്കിലും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെങ്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാവുന്നതേയുള്ളൂ എന്നും ബാലക്ഷേമസമിതി വിലയിരുത്തി. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുതിയൊരു വാര്‍ഡനെ ഒരു മാസത്തിനകം ഹോസ്റ്റലില്‍ നിയമിക്കണമെന്നും ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിന്‍െറ ഭാഗമായി ബാലക്ഷേമസമിതി കുട്ടികളുടെ പരാതികളും പരിഭവങ്ങളും നേരില്‍ കേട്ടിരുന്നു. ഏഴാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന 32 വിദ്യാര്‍ഥിനി-വിദ്യാര്‍ഥികളാണ് രണ്ടു കെട്ടിടങ്ങളിലായി താമസിച്ച് സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പരിശീലനം നേടുന്നത്. ഇതിനോടകം വിദ്യാര്‍ഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും കുട്ടികളുടെ അവകാശ ലംഘനവുമായി ബന്ധപ്പെട്ട് സമിതിക്ക് രേഖാമൂലം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഹോസ്റ്റലില്‍ സന്ദര്‍ശനം നടത്തിയ ബാലക്ഷേമസമിതി, ലഭിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെി. ഹോസ്റ്റല്‍ അന്തേവാസികള്‍ സമീപവാസികളല്ലാത്തതിനാല്‍ തന്നെ പൊതുജനങ്ങളുടെ മേല്‍നോട്ടമോ പ്രാദേശിക സമൂഹത്തിന്‍െറ ഇടപെടലുകളോ ഇത്തരം സ്ഥാപനങ്ങളുടെ മേല്‍ ഉണ്ടാകുന്നില്ല. അതിനാല്‍ ഹോസ്റ്റലിലെ ദയനീയമായ ഭൗതിക സാഹചര്യങ്ങളും അന്തേവാസികളുടെ മനുഷ്യാവകാശ ലംഘനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും സമിതി നിരീക്ഷിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നവംബര്‍ ആറിന് രണ്ട് മണിക്ക് വിശദമായ ഹിയറിങ്ങിനായി സമിതി മുമ്പാകെ നേരിട്ട് ഹാജരാവണം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍, നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മാര്‍ഗരേഖ, അനുവദിക്കപ്പെട്ടിട്ടുള്ള സ്റ്റാഫ്, കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച കേരള സര്‍ക്കാറിന്‍െറയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവുകളുടെയും രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികളും നവംബര്‍ ആറിന് ബാലക്ഷേമസമിതി മുമ്പാകെ ഹാജരാക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. സുല്‍ത്താന്‍ ബത്തേരിയിലും പുല്പള്ളിയിലും പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റലുകളിലും ഏതെങ്കിലും തരത്തിലുള്ള അവകാശ ലംഘനങ്ങള്‍ കുട്ടികള്‍ക്കെതിരെ നടക്കുന്നുണ്ടോ എന്ന കാര്യവും സി.ഡബ്ള്യു.സി പരിശോധിക്കും. മരണപ്പെട്ട വിദ്യാര്‍ഥിനിയുടെ കുടുംബം ഏറെ സാമ്പത്തിക പരാധീനത ഉളളവരാണ്. ഈ കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്കാന് സര്‍ക്കാറില്‍ ശിപാര്‍ശ നല്‍കണമെന്നും സംസ്ഥാനത്ത് ഈ വിഭാഗത്തിലുള്ള സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ തല്‍സ്ഥിതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനെ സമീപിക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, വകുപ്പുമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉത്തരവിന്‍െറ കോപ്പികള്‍ നല്‍കിയിട്ടുണ്ട്. കല്പറ്റയില് നടന്ന സിറ്റിങ്ങില്‍ ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, മെംബര്‍മാരായ ഡോ. പി. ലക്ഷ്മണന്, ടി.ബി. സുരേഷ്, അഡ്വ. എന്‍.ജി. ബാലസുബ്രഹ്മണ്യന്, ഡോ. സി. ബെറ്റി ജോസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story