Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2015 5:48 PM IST Updated On
date_range 27 Nov 2015 5:48 PM ISTഅനധികൃത ടൂര്‍ ഓപറേറ്റര്‍മാര്‍ക്കെതിരെ സമരം
text_fieldsbookmark_border
കല്‍പറ്റ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിനോദയാത്രകള്‍ക്ക് അനധികൃത ടൂര്‍ ഓപറേറ്റര്‍മാരെ ചുമതലപ്പെടുത്തുകയാണെന്നും ഇത് വിദ്യാര്‍ഥികളുടെ സുരക്ഷയെ ബാധിക്കുമെന്നും ചില അധ്യാപകരുടെ പിന്തുണ ഇതിനുണ്ടെന്നും കോണ്‍ട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ അനുമതിയോ അംഗീകാരമോ ഇല്ലാത്ത ഓപറേറ്റര്‍മാരാണിവര്‍. ചില അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരുമാണ് ഇടനിലക്കാര്‍. പഠനയാത്രകള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് ഭീമമായ തുക ഈടാക്കി ചെറിയ തുക വാഹനവാടകയായി നല്‍കുന്നു. മോശമായ സാഹചര്യത്തിലാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് താമസസൗകര്യമൊരുക്കുന്നത്. കമീഷന്‍ ഇനത്തില്‍ നല്ളൊരു തുക ഇടനിലക്കാരായ അധ്യാപകര്‍ക്ക് കിട്ടുന്നു. അമിതമായ കമീഷന്‍ നല്‍കാന്‍ തയാറല്ലാത്തവരുടെ വാഹനങ്ങള്‍ വിളിക്കാത്ത അവസ്ഥയുമുണ്ട്. ജില്ലയില്‍ ഇപ്പോള്‍ ആവശ്യത്തിന് ടൂറിസ്റ്റ് ബസുകള്‍ ഉണ്ട്. എന്നാല്‍, ഇവയെ വിളിക്കാതെ ഇതര ജില്ലകളില്‍നിന്ന് അനധികൃത ടൂര്‍ ഓപറേറ്റര്‍മാര്‍ വാഹനങ്ങള്‍ കൊണ്ടുവരുകയാണ്. കഴിഞ്ഞകാലങ്ങളില്‍ സ്കൂള്‍യാത്രകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതൊന്നും പാലിക്കുന്നില്ല. പരിചയസമ്പന്നരല്ലാത്ത ജീവനക്കാരാണ് അനധികൃത വാഹനങ്ങളില്‍ ഉണ്ടാവുക. ക്രമക്കേട് കാണിച്ച് കൂടുതല്‍ കിലോമീറ്റര്‍ ഓടിയെന്ന് വരുത്തി അതിനനുസരിച്ച പണം വാടകയായി ഈടാക്കുന്നു. ഇതിനാല്‍ വിദ്യാര്‍ഥികള്‍ അമിതപണം നല്‍കേണ്ട സ്ഥിതിയാണ്. ജില്ലയില്‍നിന്ന് തിരുവനന്തപുരം-കന്യാകുമാരി യാത്ര നടത്തി തിരിച്ചുവന്നാല്‍ യഥാര്‍ഥത്തില്‍ 1300ല്‍ താഴെ കിലോമീറ്റര്‍ മാത്രമേ വരൂ. എന്നാല്‍, അനധികൃത ടൂര്‍ ഓപറേറ്റര്‍മാരുടെ വാഹനങ്ങളില്‍ ഇത് 1500 കിലോമീറ്ററിലധികം വരുന്നുണ്ട്. ഭീമമായ നികുതിയടക്കുന്ന ജില്ലയിലെ അംഗീകൃത വാഹനങ്ങള്‍ ഓട്ടമില്ലാതെ തൊഴിലാളികളും ഉടമകളും കഷ്ടപ്പെടുമ്പോഴാണ് മറ്റു ജില്ലകളില്‍നിന്നുള്ള അനധികൃത വാഹനങ്ങള്‍ ജില്ലയില്‍ ഓടുന്നത്. ജില്ലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതിനെതിരെ ഫെഡറേഷന്‍ സമരം നടത്തും. അംഗീകൃത ടൂര്‍ ഓപറേറ്റര്‍മാരുടെ വാഹനം വിളിച്ചുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഫെഡറേഷന് ഉത്തരവാദിത്തമുണ്ട്. ജില്ലാ പ്രസിഡന്‍റ് സനില്‍ പി. ഐസക്, സെക്രട്ടറി കെ.ബി. രാജുകൃഷ്ണ, ട്രഷറര്‍ സജി മാത്യു, പ്രിയന്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story