Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2015 4:22 PM IST Updated On
date_range 25 Nov 2015 4:22 PM ISTഗ്രാമീണ്‍ ബാങ്കിന്‍െറ ജപ്തി നടപടി: ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
കണിയാമ്പറ്റ: രണ്ടരലക്ഷം രൂപ വായ്പയെടുത്തതിന് മൊത്തം 31.5 ലക്ഷം രൂപ തിരിച്ചടക്കണമെന്ന സൗത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കണിയാമ്പറ്റ ബ്രാഞ്ചിന്‍െറ നടപടിക്കെതിരെ പ്രക്ഷോഭം നടത്തുന്നതിന് മലങ്കര പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു. ബാങ്കില്‍നിന്നും മാങ്കുടിയില്‍ തോമസ് 2000ല്‍ ആധാരം പണയപ്പെടുത്തിയെടുത്ത രണ്ടരലക്ഷം രൂപ വായ്പയാണ് ഇപ്പോള്‍ 31.5 ലക്ഷം രൂപയായിരിക്കുന്നത്. അദ്ദേഹത്തിന്‍െറ മരണശേഷം കുടുംബാംഗങ്ങള്‍ ഏഴരലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം ബാങ്കില്‍ തിരിച്ചടച്ചിട്ടും പണയപ്പെടുത്തിയ ആധാരം തിരികെ കൊടുക്കാതെ 24 ലക്ഷം രൂപക്ക് സ്ഥലം ജപ്തി ചെയ്ത് ലേലം ചെയ്യാനാണ് ബാങ്കിന്‍െറ നീക്കം. ഈ നടപടികളെ എന്തുവിലകൊടുത്തും നേരിടുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. കണിയാമ്പറ്റ ബാങ്ക് അധികൃതരുടെ നടപടി വഞ്ചനാപരവും ധിക്കാരപരവുമാണെന്നും ഇത് വയനാട്ടിലെ മുഴുവന്‍ കര്‍ഷക ജനതയോടുള്ള വെല്ലുവിളിയുമാണെന്നും ആക്ഷന്‍ കമ്മിറ്റി വിലയിരുത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന വയനാട് ജില്ലയില്‍ ഇത്തരത്തിലുള്ള ബാങ്ക് നടപടികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ബാങ്ക് അധികൃതര്‍ ഉടന്‍ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ളെങ്കില്‍ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടുപോകും. വാര്‍ഡ് മെംബര്‍ എ. ഇ. ഗിരീഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാനായി എം.എം. ജോസഫ്, കണ്‍വീനറായി കെ.കെ. രാജേഷ് എന്നിവരുള്‍പ്പെടെ 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തോമസ് തൈപറമ്പില്‍, ബേബി സെബാസ്റ്റ്യന്‍, സോജന്‍ പിണക്കാട്ട്പറമ്പില്‍, എ.ആര്‍. പ്രസാദ്, പി.ഡി. ജോസ്, ജൂലി പുളിക്കല്‍, രതീഷ് കദളിക്കാട്ടില്‍, പി.വി. അനന്തന്‍ എന്നിവര്‍ സംസാരിച്ചു. 2000ത്തിലാണ് മാങ്കുടിയില്‍ തോമസ് കൃഷിഭൂമി പണയപ്പെടുത്തി കണിയാമ്പറ്റ സൗത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍നിന്നും രണ്ടരലക്ഷം രൂപ വായ്പയെടുത്തത്. അര്‍ബുദബാധിതനായി കിടപ്പായ തോമസ് 2012 ജൂണില്‍ മരിച്ചു. വിദേശത്ത് ജോലിയുണ്ടായിരുന്ന മകന്‍െറ അപകടമരണവും കൃഷിനാശവും തളര്‍ത്തിയതിനാല്‍ ബാങ്ക് വായ്പയിലേക്ക് തിരിച്ചടവ് ബുദ്ധിമുട്ടായി. ഇതിനിടയിലും, ബാങ്കില്‍നിന്നുള്ള ജപ്തി ഭീഷണിയെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഏഴരലക്ഷം രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം ബാങ്കില്‍ തിരിച്ചടച്ചിരുന്നു. ഒരുമാസത്തിനുള്ളില്‍ പണയപ്പെടുത്തിയ ആധാരം തിരികെ കൊടുക്കാമെന്നുപറഞ്ഞ മാനേജര്‍ പിന്നീട് ആധാരംകിട്ടാന്‍ സമീപിച്ചപ്പോള്‍ ഇനിയും മൂന്നരലക്ഷം രൂപ കൂടി അടക്കാനാണ് ആവശ്യപ്പെട്ടത്. ബാങ്ക് അധികൃതരുടെ വഞ്ചനക്കെതിരെ ഹൈകോടതിയില്‍ കേസ് നടക്കുകയാണ്. എന്നാല്‍, പണയപ്പെടുത്തിയ സ്ഥലം 24 ലക്ഷം രൂപക്ക് ജപ്തിചെയ്ത് ലേലത്തിനു വെക്കാനുള്ള നടപടി ബാങ്ക് അധികൃതര്‍ ആരംഭിച്ചിരിക്കുകയാണ്. മുമ്പ് അടച്ച ഏഴരലക്ഷം രൂപയും ലേലത്തിന് വെച്ചിരിക്കുന്ന 24 ലക്ഷം രൂപയും കൂടി 31.5 ലക്ഷം രൂപ പാവപ്പെട്ട കര്‍ഷക കുടുംബത്തില്‍നിന്ന് ഈടാക്കാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story