Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2015 5:30 PM IST Updated On
date_range 4 Dec 2015 5:30 PM ISTഊരുകൂട്ടങ്ങള്‍ കാര്യക്ഷമമാക്കണം –ഉഷാകുമാരി
text_fieldsbookmark_border
കല്‍പറ്റ: ആദിവാസി കോളനികളിലെ ഊരുകൂട്ടങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ആവശ്യപ്പെട്ടു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി/പട്ടിക വര്‍ഗ ജില്ലാ തല കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഊരുകൂട്ടങ്ങള്‍ കാര്യക്ഷമമായി ചേരാത്തതിനാല്‍ അര്‍ഹതപ്പെട്ടവര്‍ പിന്നാക്കം തള്ളപ്പെട്ടുപോവുകയാണ്. പട്ടികജാതി, പട്ടികവര്‍ഗ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപനം ഉണ്ടാവണമെന്നും അവര്‍ നിര്‍ദേശിച്ചു. പട്ടികജാതി/പട്ടികവര്‍ഗ വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. പൊഴുതന പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ടി.ആര്‍.ഡി.എം വക സ്ഥലത്ത് പട്ടികവര്‍ഗക്കാരുടെ ആവശ്യത്തിനായി കമ്യൂണിറ്റി ഹാള്‍ ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് കെട്ടിടം പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. സംസ്ഥാനതല വര്‍ക്കിങ് ഗ്രൂപ്പിലേക്ക് സമര്‍പ്പിക്കേണ്ട ആറ് പദ്ധതികളാണ് അംഗീകാരത്തിനായി ഐ.ടി.ഡി.പി സമര്‍പ്പിച്ചത്. ചുണ്ടകണ്ടി, പുത്തന്‍മറ്റം കോളനിയിലുള്ള സ്വാശ്രയസംഘത്തിന് പവര്‍ ടില്ലര്‍ നല്‍കുന്നതിനുള്ള പദ്ധതിക്കും തിരുമംഗലം കോളനിയിലെ ഒരാള്‍ക്ക് പശു വിതരണ പദ്ധതിക്കും ഐ.ടി.ഡി.പിയുടെ അടിയ-പണിയ പാക്കേജില്‍ അഞ്ച് പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. ജില്ലയിലെ പട്ടിക വര്‍ഗക്കാരായ ക്ഷയരോഗികള്‍ക്ക് പോഷകാഹാര പദ്ധതി നല്‍കുന്ന പദ്ധതി തുടരും. പദ്ധതിയില്‍ 160 പേര്‍ ഗുണഭോക്താക്കളാണ്. 745 രൂപ വില വരുന്ന കിറ്റ് അഞ്ച് മാസം നല്‍കും. സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്മെന്‍റ് ഓഫിസര്‍ അടിയ-പണിയ പാക്കേജില്‍ സമര്‍പ്പിച്ച ആറ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. മാനന്തവാടി താലൂക്കിലെ അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി/ എസ്.എസ്.സിയുടെ ക്ളറിക്കല്‍/അറ്റന്‍റര്‍ തസ്തികകളിലേക്കും, യു.പി/എല്‍.പി അസിസ്റ്റന്‍റ് തസ്തികകളിലേക്കും റെയില്‍വേയുടെ ഗ്രൂപ്-ഡി തസ്തികകളിലേക്കുമുള്ള പൊതു മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനായി ‘അമൃദ്’ മുഖേന പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. മീനങ്ങാടി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കൊളഗപ്പാറകുണ്ട്, അത്തിമൂല, മുണ്ട നടപ്പ് എന്നീ കോളനികളില്‍ താമസിക്കുന്ന 44 കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി ആട്, പശുവളര്‍ത്തല്‍, കാടുവെട്ടുയന്ത്രം തുടങ്ങി ഏഴ് പദ്ധതികള്‍ അംഗീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ളോക് പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച കിണറില്‍നിന്ന് മീനങ്ങാടി പഞ്ചായത്ത് പാതിരിക്കവല എസ്.സി കോളനിയിലെ 17 എസ്.സി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്കും അംഗീകാരം നല്‍കി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കാവില്‍പ്പാടം- ചിറക്കൊല്ലി ക്ളസ്റ്ററിലെ നാല് വാര്‍ഡുകളിലെ 97 കുറിച്യ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും 45 പണിയ കുടുംബങ്ങള്‍ക്കും പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, പോത്തുകുട്ടി പരിപാലനം, സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ബത്തേരി മുനിസിപ്പാലിറ്റിയിലെ കൈപ്പഞ്ചേരി പണിയ കോളനിയില്‍ ഒമ്പത് കുടുംബങ്ങള്‍ക്ക് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാട് വെട്ടുയന്ത്രം നല്‍കല്‍, വിത്തും വളവും വാങ്ങല്‍, കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങല്‍, ആട്-പോത്ത്-പശു വളര്‍ത്തല്‍ തുടങ്ങി എട്ടു പദ്ധതികള്‍ നടപ്പാക്കും. പൂതാടി പഞ്ചായത്തിലെ മാരമല കാട്ടുനായ്ക്ക കോളനിയില്‍ 35 കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ക്കായി അഞ്ച് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നൂല്‍പ്പുഴ പഞ്ചായത്തിലെ മൂടന്‍കുനി, കുണ്ടൂര്, പുത്തൂര്‍, മൂതികുണ്ട്, എരുത്കല്ല് പണിയ കോളനികളിലും കൊട്ടനോട്, ആവയല്‍, കാപ്പാട്, കുറുമ കോളനികളിലും പുത്തൂര്‍ കാട്ടുനായ്ക്ക കോളനികളിലും 73 കുടുംബങ്ങളിലായി താമസിക്കുന്ന 273 പേര്‍ക്കായി നാല് ജീവനോപാധി പദ്ധതികള്‍ നടപ്പാക്കും. അടിയ-പണിയ പാക്കേജില്‍ വേലിയമ്പം ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ എട്ട് കുടുംബങ്ങള്‍ക്ക് സൂര്യറാന്തല്‍ വിളക്ക് നല്‍കുന്ന പദ്ധതി, കല്‍പറ്റ അമൃത് മുഖേന നടപ്പാക്കുന്ന പി.എസ്.സി മത്സര പരീക്ഷ പരിശീലനം, വനിതകള്‍ക്ക് ബുക് ബൈന്‍റിങ് പരിശീലനം തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരമായി. അടിയ പണിയ പാക്കേജില്‍ പനമരം ഗ്രാമപഞ്ചായത്ത് പുത്തൂര്‍കുന്ന് കോളനിയില്‍ നാല് പദ്ധതികള്‍ക്കും അനുമതിയുണ്ട്. യോഗത്തില്‍ എ.ഡി.എം പി.വി. ഗംഗാധരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അനില തോമസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story