യൂണിവേഴ്​സിറ്റി പരീക്ഷ: വിദ്യാർഥികളുടെ ആശങ്ക  പരിഹരിക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്

21:10 PM
18/05/2020

തിരുവനന്തപുരം: പൊതുഗതാഗത സംവിധാനം സമ്പൂർണമായും കാര്യക്ഷമമാകുന്നതുവരെ കേരള യൂണിവേഴ്​സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റി വെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. വിവിധ വിദ്യാർഥി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള യൂണിവേഴ്​സിറ്റി ആസ്ഥാനത്തേക്ക് ഫ്രറ്റേണിറ്റി മൂവ്മ​െൻറ്​ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ലോക്​ഡൗൺ ആശങ്കകൾ നിലനിൽക്കുന്ന അവസ്ഥയിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ച തീരുമാനത്തിൽ നിന്ന് കേരള യൂണിവേഴ്​സിറ്റി പിന്മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ആദിൽ അബ്ദുൽ റഹീം ആവശ്യപ്പെട്ടു.  പരീക്ഷകളുടെ കാര്യത്തിൽ വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലായി ആയി താമസിക്കുന്ന വിദ്യാർഥികൾക്ക് പൊതുഗതാഗത സംവിധാനം പൂർണമായി ലഭ്യമാകാതെ പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ കഴിയില്ല എന്ന വസ്തുത നിലനിൽക്കെ അനിശ്ചിതത്വത്തിൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് വിദ്യാർഥികളോടുള്ള ദ്രോഹ നടപടിയാണ്. 

പല കോളേജുകളും ഹോസ്റ്റലുകളും ക്വാറൻറീൻ സംവിധാം ആയി പ്രവർത്തിച്ചു വരുന്നു. അവ പൂർണമായി അക്കാദമിക യോഗ്യമാക്കേണ്ടതുണ്ട്. വിവിധ ജില്ലകളിൽ നിന്നും ദീർഘ ദൂരത്തേക്ക് പഠനാവശ്യത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ അവരുടെ സ്ഥാപനത്തിൽ വന്ന്​ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രസ്തുത വിദ്യാർഥികൾക്ക് പ്രാദേശികമായി പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കണം. കോവിഡ്​ പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രങ്ങളിൽ മതിയായ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് അൽ മയൂഫ്‌, റസീം ഷാജഹാൻ, നജീബ് നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Loading...
COMMENTS