കുട്ടനാട്​: നെല്ലൂരിനെ പൊതുസ്ഥാനാർഥിയാക്കാൻ യു.ഡി.എഫിൽ ആലോചന

05:02 AM
14/01/2020
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട കുട്ടനാട് സീറ്റിനായി കേരള കോൺഗ്രസ്(എം) വിഭാഗങ്ങൾ തർക്കം തുടർന്നാൽ ജോണി നെല്ലൂരിനെ പൊതുസ്ഥാനാർഥിയാക്കാൻ യു.ഡി.എഫിൽ ആലോചന. തർക്കിച്ചുനിൽക്കുന്ന ഇരു കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായും അടുത്ത ബന്ധമുള്ള ജോണി നെല്ലൂര്‍ സ്ഥാനാർഥിയായാല്‍ സീറ്റിനെയും സ്ഥാനാർഥിയെയും സംബന്ധിച്ച് മുന്നണിയിൽ രൂക്ഷമായ തർക്കം ഒഴിവാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. കേരള കോണ്‍ഗ്രസ് വിഭാഗങ്ങൾ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിൽ കുട്ടനാട് സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിൻെറ ആവശ്യം. ഇന്നത്തെ സാഹചര്യത്തില്‍ ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നത് മുന്നണിയില്‍ തര്‍ക്കങ്ങൾക്ക് ഇടയാക്കും. അത് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഉള്‍പ്പെടെ ബാധിച്ചേക്കുമെന്നതിനാൽ സീറ്റ് ഏറ്റെടുക്കുന്നതിനോട് കോൺഗ്രസ് നേതൃത്വത്തിന് വലിയ താൽപര്യമില്ല. അതിനാലാണ് മുന്നണിയുടെ പൊതുസ്ഥാനാർഥിയെ രംഗത്തിറക്കാൻ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നെല്ലൂരുമായി പ്രാഥമിക ചർച്ചകൾ നടത്തിയതിന് പിന്നാലെ ആലപ്പുഴയിലെ പ്രധാന കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ട് സൗഹൃദം പുതുക്കുകയും സ്ഥാനാർഥിയാകാനുള്ള സാധ്യത അറിയിക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടാകാനുള്ള സാധ്യത കോൺഗ്രസ് മുന്നിൽകാണുന്നു. അതിനാലാണ് സ്ഥാനാർഥി ചർച്ച അവസാനനിമിഷത്തേക്ക് മാറ്റിവെക്കാതെ മുൻകൂട്ടിത്തന്നെ അനൗപചാരിക ചർച്ചക്ക് ശ്രമിക്കുന്നത്. മുന്നണിയിലെ സീറ്റ്ധാരണപ്രകാരം കുട്ടനാട് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ്. കെ.എം. മാണിയുടെ മരണത്തോടെ പാർട്ടിയിലുണ്ടായ ഭിന്നിപ്പ് സീറ്റിൻെറ കാര്യത്തിലും ഇരുപക്ഷവും തുടരുകയാണ്. സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുള്ള ഇരുപക്ഷവും വിട്ടുവീഴ്ചക്ക് തയാറല്ല. ഇൗ സാഹചര്യത്തിലാണ് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗം നേതാവായ മുന്നണിയിലെ മുതിർന്ന നേതാവ് നെല്ലൂരിലേക്ക് ചർച്ച എത്തിച്ചത്. യു.ഡി.എഫിൻെറ സെക്രട്ടറി കൂടിയായ നെല്ലൂരിൻെറ പേര് നിർേദശിച്ചാൽ കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുടെയും പിന്തുണ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിൻെറ പ്രതീക്ഷ. മണ്ഡലത്തിൽ ഇൗഴവവിഭാഗത്തിനാണ് ഭൂരിപക്ഷെമങ്കിലും ക്രൈസ്തവ സമുദായത്തിനും നിർണായക സ്വാധീനമുണ്ട്. ക്രൈസ്തവ സമുദായത്തിൽ കത്തോലിക്ക വിഭാഗക്കാർക്കാണ് കൂടുതൽ വോട്ടുള്ളത്. കത്തോലിക്ക വിഭാഗക്കാരനും സഭയുമായി അടുത്ത ബന്ധവുമുള്ള നേതാവാണ് നെല്ലൂർ. തെരഞ്ഞെടുപ്പിൽ ഇതും സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വം.
Loading...