സമത്വസുന്ദരകാലത്തിനുള്ള പ്രേരകശക്തിയാകണം ഓണാഘോഷം- ഗവർണർ

05:04 AM
17/09/2019
തിരുവനന്തപുരം: മഹാബലി ഭരിച്ചിരുന്ന സമത്വസുന്ദരമായ കാലത്തിൻെറ സ്മരണ മാത്രമായി ഓണാഘോഷം ഒതുങ്ങരുതെന്നും ആ കാലം തിരിച്ചുകൊണ്ടുവരാനുള്ള പ്രേരകശക്തി കൂടിയാകണം ആഘോഷമെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാറിൻെറ ഓണം വാരാഘോഷ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശരണരെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ആഘോഷമായി ഓണത്തെ കാണണം. ഐക്യത്തോടെയും ഒരുമയോടെയും പ്രളയത്തെ മലയാളി നേരിട്ടത് ലോകം കണ്ടതാണ്. കേരളീയരുടെ ഐക്യത്തിൻെറ ഉത്സവമാണ് ഇൗ ഓണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാപരിപാടികളിലും ഓണം ഘോഷയാത്രയിലും നഗരത്തിൽ ഒരുക്കിയ ദീപാലങ്കാരത്തിലും വിജയികളായവർക്ക് ഗവർണർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. എം.എൽ.എമാരായ ഡി.കെ. മുരളി, വി.എസ്. ശിവകുമാർ, മേയർ വി.കെ. പ്രശാന്ത്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Loading...