കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്ത സംഭവം; മൂന്നുപേർ അറസ്​റ്റിൽ

05:04 AM
17/09/2019
വർക്കല: കൈക്കുഞ്ഞുമായി യുവതി ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃമാതാവും പിതാവും സഹോദരിയുമുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. വെട്ടൂർ റാത്തിക്കൽ പുളിമുക്ക് വീട്ടിൽ റംലാബീവി (49), ഭർത്താവ് കിദ്വായി (69), മകൾ മുഹ്സിന (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 11നാണ് താഴെവെട്ടൂർ ചരുവിള വീട്ടിൽ ആമിന(26) ഒന്നേമുക്കാൽ വയസ്സുള്ള മകൾ നൂറയെയും കൊണ്ട് ഭർത്താവ് മുഹമ്മദ് അലിയുടെ കുടുംബം വാടകക്ക് താമസിച്ചിരുന്ന വെട്ടൂർ റാത്തിക്കൽ പുളിമുക്ക് വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. കേസിലെ ഒന്നാംപ്രതി ആമിനയുടെ ഭർത്താവ് മുഹമ്മദ് അലി വിദേശത്താണ്. സ്ത്രീധനം ആവശ്യപ്പെട്ട് മുഹമ്മദ് അലിയുടെ മാതാപിതാക്കളും സഹോദരിയും ചേർന്ന് ആമിനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയുടെയും മകളുടെയും മരണവിവരമറിഞ്ഞിട്ടും മുഹമ്മദ് അലി നാട്ടിലെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാപ്രേരണ, ഗാർഹികസ്ത്രീധനപീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസിലെ മൂന്നാം പ്രതിയായ കിദ്വായി 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി കെ. വിദ്യാധരൻ, ഇൻസ്പെക്ടർ അനിൽകുമാർ, വനിതാ പൊലീസ് ഓഫിസർ അനുപമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Loading...