പ്രവീണക്ക്​ കൂട്ടായി കി​േഷാർ, ​ശ്രീചിത്രാഹോമിൽ വരണമാല്യം

05:04 AM
17/09/2019
തിരുവനന്തപുരം: അച്ഛൻെറ നിസ്സഹായതക്ക് നടുവിൽ 12 വർഷം മുമ്പ് സഹോദരിക്കൊപ്പം ശ്രീചിത്രാഹോമിലെത്തിയ പ്രവീണക്ക് വധുവായി മടക്കം. വിതുരസ്വദേശി കിഷോറാണ് പ്രവീണയുടെ ജീവിതപങ്കാളിയായത്. തിങ്കളാഴ്ച ശ്രീചിത്രാഹോം ഒാഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിതുര കളിയിക്കൽ പാലൻചിറവീട്ടിൽ ലക്ഷ്മണൻപിള്ളയുെടയും ജലജകുമാരിയുടെയും മകനായ കിഷോർകുമാർ ബി.കോം ബിരുദധാരിയും സ്വകാര്യധനകാര്യ സ്ഥാപനത്തിൻെറ സീനിയർ ബിസിനസ് എക്സിക്യൂട്ടിവുമാണ്. ബി.എസ്സി സുവോളജി ബിരുദധാരിയാണ് പ്രവീണ. ഓൾ സെയിൻറ്സ് കോളജിലായിരുന്നു പഠനം. സഹോദരൻ പ്രദീപ്. അമ്മ അസുഖം ബാധിച്ച് മരിച്ചതിനെതുടർന്ന് ആസ്തമ രോഗിയും നിർധനനുമായ പിതാവ് ജനാർദനൻ മറ്റ് വഴികളില്ലാതെയാണ് പ്രവീണയെയും സഹോദരിയെയും ശ്രീചിത്രാഹോമിലാക്കിയത്. മകൾ വരണമാല്യമണിയുന്നതിന് സാക്ഷിയാകാൻ പിതാവിന് വിധിയുണ്ടായിരുന്നില്ല. കഴിഞ്ഞവർഷം പ്രവീണയുടെ വിവാഹനിശ്ചയസമയത്ത് ജനാർദനൻ മരണപ്പെട്ടു. തുടർന്ന് മരണത്തിന് ഒരുവർഷത്തിന് ശേഷമാണ് പ്രവീണയുടെ വിവാഹം നടന്നത്. രക്ഷിതാക്കൾക്കുപുറെമ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വലിയ സംഘത്തോടൊപ്പമാണ് വരനെത്തിയത്. ശ്രീചിത്രാഹോമിലെ സൂപ്രണ്ടും സ്വീകരണത്താലങ്ങളുമായി കുട്ടികളും ജീവനക്കാരും നാദസ്വരഘോഷത്തോടെയാണ് വരനെയും സംഘത്തെയും എതിരേറ്റത്. വധൂവരന്മാർക്ക് ആശംസയർപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ കത്ത് ചടങ്ങ് തുടങ്ങുംമുമ്പുതന്നെ എത്തിയിരുന്നു. മേയർ വി.കെ. പ്രശാന്ത് വധൂവരന്മാർക്ക് മംഗല്യഹാരങ്ങൾ കൈമാറി. മന്ത്രി കെ.കെ. ശൈലജ താലിമാല വരന് കൈമാറി. വധുവിന് വിവാഹസമ്മാനമായി നാല് പവൻ സ്വർണവും അലമാരയും വിവാഹവസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങളും ശ്രീചിത്ര ഹോമിൽനിന്ന് നൽകി. ശ്രീചിത്രാഹോം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പാതിരപ്പള്ളി എസ്. കൃഷ്ണകുമാരി, കാവല്ലൂർ മധു, വിവിധ സർക്കാർവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Loading...