മുത്തൂറ്റ്​ ജീവനക്കാരെ പൂട്ടിയിട്ടു; രണ്ടുപേർ അറസ്​റ്റിൽ സി.​െഎ.ടി.യു, ഡി.വൈ.എഫ്​.​െഎ പ്രവർത്തകരാണ്​ പൂട്ടിയിട്ടത്​

05:04 AM
17/09/2019
തിരുവനന്തപുരം: മുത്തൂറ്റ് ബാങ്കിൻെറ കുന്നുകുഴി ബ്രാഞ്ചിൽ ജോലിക്ക് കയറിയ മാനേജർ ഉൾപ്പെടെ മൂന്ന് വനിതാജീവനക്കാരെ സി.െഎ.ടി.യു, ഡി.വൈ.എഫ്.െഎ പ്രവർത്തകർ ചേർന്ന് ഒാഫിസിൽ പൂട്ടിയിട്ടു, ഒടുവിൽ പൊലീസെത്തി ഇവരെ പുറത്തിറക്കി. ജീവനക്കാരെ തടഞ്ഞ സംഭവത്തിൽ രണ്ട് മുത്തൂറ്റ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 20 മുതൽ മുത്തൂറ്റ് ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ സമരത്തിലാണ്. എന്നാൽ കുന്നുകുഴി ബ്രാഞ്ചിലെ നാല് ജീവനക്കാരിൽ മൂന്ന് പേർ ജോലിക്ക് ഹാജരാകാൻ സന്നദ്ധരായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇവർ മൂന്ന് പേരും ജോലിക്കെത്തിയെങ്കിലും മണക്കാട്, കുളത്തൂർ ബ്രാഞ്ചുകളിലെ ജീവനക്കാർ എത്തുകയും ഇവരെ തടയുകയും ഒാഫിസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. ബാങ്കിലുണ്ടായിരുന്ന സി.സി.ടി.വി കാമറകൾ, ഇൻറർനെറ്റ് കണക്ഷൻ, പൂട്ടുകൾ മുതലായവ നശിപ്പിച്ചിരുന്നു. അതിെന തുടർന്ന് ബ്രാഞ്ച് മാനേജർ സുമ ഞായറാഴ്ച കേൻറാൺമൻെറ് സ്റ്റേഷനിലെത്തി ഒാഫിസിൽ അതിക്രമം കാട്ടിയെന്നാരോപിച്ച് ജീവനക്കാരായ ടിനോ തോമസ്, അനീഷ്കുമാർ എന്നിവർക്കെതിരെ പരാതി നൽകി. അതിൻെറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടക്കവെയാണ് തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ മാനേജർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയും പ്രാവച്ചമ്പലം, പാപ്പനംകോട് ബ്രാഞ്ചുകളിലെ ജീവനക്കാരായ ജിജു സാം (29), ജിജിൻ (31) എന്നിവരെത്തി തടഞ്ഞത്. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അതിന് ശേഷമാണ് സി.െഎ.ടി.യു, ഡി.വൈ.എഫ്.െഎ പ്രവർത്തകരെത്തി ജീവനക്കാരെ ഒാഫിസിനുള്ളിൽ പൂട്ടിയിട്ടത്. കേൻറാൺമൻെറ് എസ്.െഎയുടെ നേതൃത്വത്തിലെത്തിയ പൊലീസാണ് ഇവരെ ഒാഫിസിൽനിന്ന് പുറത്തിറക്കിയത്. സമാനമായ സംഭവങ്ങൾ മുത്തൂറ്റിൻെറ ശാസ്തമംഗലം, കവടിയാർ ബ്രാഞ്ചുകളിലും നടന്നതായും പരാതിയുണ്ട്.
Loading...