'ലാൻഡിങ് പരാജയപ്പെട്ടത് മോദി എത്തിയതിനാൽ'; വിവാദമായി കുമാരസ്വാമിയുടെ പ്രസ്താവന

05:03 AM
14/09/2019
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് ചന്ദ്രയാൻ-2ൻെറ 'നിർഭാഗ്യ'ത്തിന് കാരണമെന്ന കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയെ ചൊല്ലി വിവാദം. വിക്രം ലാൻഡറിൻെറ സോഫ്റ്റ് ലാൻഡിങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ഇസ്ട്രാക്ക് കൺട്രോൾ സൻെററിലെത്തിയത് അപശകുനമായി മാറിയിരിക്കാമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് വിവാദമായത്. 'ചന്ദ്രയാ‍ൻെറ വിജയം ഏറ്റെടുക്കാനാണ് മോദി ബംഗളൂരുവിലെത്തിയത്. എന്നാൽ, ഇസ്റോ കേന്ദ്രത്തിൽ മോദി കാലെടുത്തുകുത്തിയപ്പോൾതന്നെ അത് അപശകുനമായി മാറിയിട്ടുണ്ടാകാം' എന്നായിരുന്നു പ്രതികരണം. ശാസ്ത്രജ്ഞരുടെ പത്തുപന്ത്രണ്ടു വർഷത്തെ അധ്വാനമുണ്ട് ദൗത്യത്തിനു പിന്നിൽ. 2008-2009 കാലത്ത് ദൗത്യത്തിന് ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. ചന്ദ്രയാൻ-2ന് പിന്നിൽ താനാണെന്ന് കാണിച്ച് വെറും പ്രശസ്തിക്കുവേണ്ടിയാണ് മോദി ഇവിടെ എത്തിയത്. മുഖ്യമന്ത്രി യെദിയൂരപ്പയും ഇസ്റോയിലെത്തിയെങ്കിലും അവരോട് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ജനങ്ങളെ സേവിക്കുന്ന സർക്കാറിൻെറ അവസ്ഥയാണിതെന്നും കുമാരസ്വാമി പറഞ്ഞു. പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് കുമാരസ്വാമിക്കെതിരെ ബി.ജെ.പി കർണാടക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Loading...