Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2019 5:03 AM IST Updated On
date_range 27 Aug 2019 5:03 AM ISTഏഴാം ക്ലാസ് വരെ 80 ശതമാനം ഹൈടെക് ലാബുകൾ റെഡി
text_fieldsbookmark_border
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ്‌മുറികള്‍ ഹൈടെക്കാക്കിയതിൻെറ തുടര്‍ച്ചയായി 9941 സ്കൂളുകളില്‍ ഒന്ന് മുതല്‍ ഏഴുവരെ ക്ലാസുകളിൽ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രക്രിയ 80 ശതമാനവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി. 2019 ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആകെ 55,086 ലാപ്‍ടോപ്പുകളും 55,086 യു.എസ്.ബി സ്പീക്കറുകളും 23,170 പ്രൊജക്ടറുകളുമാണ് ഒന്നാം ഘട്ടത്തില്‍ വിന്യസിക്കുന്നത്. ഇതില്‍ 37,842 ലാപ്‍ടോപ്പുകള്‍, 32,225 യു.എസ്.ബി സ്പീക്കറുകള്‍, 13,513 പ്രൊജക്ടറുകള്‍ എന്നിവയുടെ വിതരണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ മാസത്തോടെ മുഴുവന്‍ സ്കൂളുകളിലും ഉപകരണങ്ങള്‍ എത്തിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഉപകരണങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ കോംപ്രിഹെന്‍സീവ് വാറണ്ടി ഉള്ളതിനാല്‍ സ്കൂളുകള്‍ക്ക് അഞ്ചുവര്‍ഷം മെയിൻറനന്‍സ് ഇനത്തില്‍ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോള്‍സൻെറര്‍, വെബ്പോര്‍ട്ടല്‍ എന്നിവ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം സ്കൂളുകളില്‍ നിന്നുള്ള പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിദിനം 100 രൂപ നിരക്കില്‍ കമ്പനികളില്‍നിന്ന് പിഴ ഈടാക്കും. എല്ലാ ഐ.സി.ടി ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. ദേശീയ ടെൻഡറിലൂടെ കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റില്‍നിന്ന് 47.34കോടി രൂപ (18.76%) കുറവിലാണ് കൈറ്റ് ഉപകരണങ്ങള്‍ വാങ്ങുന്നത്. ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത് (6978 ലാപ്‍ടോപ്പുകള്‍, 2903 യു.എസ്.ബി സ്പീക്കറുകള്‍, 1955 പ്രൊജക്ടറുകള്‍) മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്കൂളുകള്‍ക്കാണ് തുടര്‍ന്ന് കൂടുതല്‍ ഉപകരണങ്ങള്‍ ലഭിച്ചത്. പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 82,000 അധ്യാപകര്‍ക്ക് 'സമഗ്ര' റിസോഴ്സ് പോര്‍ട്ടല്‍ ഉപയോഗം ഉള്‍പ്പെടെയുള്ള പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story