സി.ബി.എസ്​.ഇ പരീക്ഷ ഫീസ്​ വർധന: പട്ടികജാതി വിദ്യാർഥികളെ തങ്ങളു​െട 'ഉന്നതലോകത്തു'നിന്ന്​ നീക്കാനുള്ള ആർ.എസ്​.എസ്​ നീക്കം -സി.പി.ഐ

05:04 AM
14/08/2019
ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളിൽ പട്ടികജാതി/വർഗ വിദ്യാർഥികളുടെ പരീക്ഷഫീസ് വർധിപ്പിച്ച നടപടി, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ഏകലവ്യൻെറ പിന്മുറക്കാരായി ആർ.എസ്.എസ് നിയന്ത്രിത കേന്ദ്ര സർക്കാർ കാണുന്നു എന്നതിൻെറ തെളിവാണെന്ന് സി.പി.ഐ. തങ്ങളുടെ സങ്കൽപത്തിലെ 'ഉന്നത ലോകത്തു'നിന്ന് അടിസ്ഥാന വർഗങ്ങളെ മാറ്റിനിർത്തുകയാണ് സർക്കാറിൻെറ ലക്ഷ്യമെന്നും സി.പി.ഐ ദേശീയ കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം എം.പി ആരോപിച്ചു. പൊതുവിഭാഗത്തിലും ഫീസ് വർധിപ്പിച്ചതിലൂടെ, വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലായ്മ ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ പൊതുവിഭാഗത്തിലുള്ള പരീക്ഷഫീസ് 750ൽ നിന്ന് 1500 രൂപയായും പട്ടികജാതി/വർഗ വിദ്യാർഥികളുടെ ഫീസ് 350ൽനിന്ന് 1200 ആയും ആണ് ഉയർത്തിയത്. ''ഈ അധ്യയന വർഷംമുതൽ തന്നെ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. സർക്കാറിൻെറ പുതിയ ഇന്ത്യ എന്ന സങ്കൽപത്തിൻെറ രൂപരേഖയായ പുതിയ വിദ്യാഭ്യാസ നയത്തിൻെറ പശ്ചാത്തലത്തിൽ വേണം ഈ വർധനയെ കാണാൻ. ആ രൂപരേഖയിൽനിന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളും അവരുടെ അവകാശങ്ങളും പുറത്താണ്.'' -ബിനോയ് വിശ്വം ആരോപിച്ചു. ഇതിനിടെ, വർധന വിദ്യാഥികൾക്ക് ബാധിക്കാതിരിക്കാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കണെമന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
Loading...