വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്താനുള്ള നീക്കം പ്രളയത്തി​െൻറ മറവിൽ

05:02 AM
12/08/2019
വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്താനുള്ള നീക്കം പ്രളയത്തിൻെറ മറവിൽ ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്താനുള്ള നീക്കം നടത്തിയത് പ്രളയത്തിൻെറ മറവിൽ. കെണിയിൽ വീണത് വൻ റാക്കറ്റിലെ കണ്ണി. സ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുമെന്ന ചിന്തയാണ് വീണ്ടും വൻ സ്വർണക്കടത്തിന് മാഫിയ തയാറായത്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ എല്ലാ സർവിസുകളും നടക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്. ഈ തിരക്കിനിടെ പരിശോധന ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അതിനാൽ മാഫിയനേതാവുതന്നെ കിട്ടിയ അവസരം പ്രയോജനപ്പെടുത്താൻ മുന്നിട്ടിറങ്ങി. രണ്ടരക്കോടിയുടെ സ്വർണവുമായി രണ്ടുപേരെ പുതിയ തന്ത്രങ്ങളുമായി നിയോഗിച്ച് കൂടെ യാത്രചെയ്യുകയായിരുന്നു നേതാവ് ഫാസില. സ്വന്തം നാട്ടുകാരെയാണ് ഇതിന് കണ്ടെത്തിയതും. കടത്ത് മാഫിയയുടെ പ്രധാന കണ്ണിയായ ഇവർ ഒന്നുമറിയാത്ത മട്ടിൽ ഇരുവരെയും നിയന്ത്രിച്ച് നീങ്ങി. എന്നാൽ രഹസ്യവിവരം ലഭിച്ച ഡി.ആർ ഐ വിഭാഗം ഇവരെ നിരീക്ഷണത്തിലാക്കി. ബാഗുകളിൽ സൂചന കിട്ടാതെ വന്നതോടെ ശരീരപരിശോധനക്ക് ഇവരെ വിധേയരാക്കി. ഒഴിഞ്ഞ് മാറാൻ പല അടവും പയറ്റിയെങ്കിലും ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ സംഘം കുടുങ്ങി. പ്രധാന കണ്ണിയാണ് ഫാസില എന്നറിഞ്ഞതോടെ വിശദ ചോദ്യംചെയ്യൽ നടക്കുകയാണ്. കഴിഞ്ഞ മേയിൽ നടന്ന എട്ടര കോടിയുടെ സ്വർണവേട്ടക്ക് ശേഷം നടക്കുന്ന വലിയ കടത്താണിത്. ആ അന്വേഷണം എങ്ങുമെത്താതെ നിലച്ച അവസ്ഥയാണ്. ഇത് കടത്ത് മാഫിയകൾക്ക് സജീവമാകാൻ അവസരമൊരുക്കിയിട്ടുണ്ട്. കസ്റ്റംസ് ഡയറക്ടർ ഉൾപ്പെടെ നിരവധിപേർ സംഭവത്തിൽ പിടിയിലായിരുന്നു. എന്നാൽ അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്നായതോടെയാണ് ഡി.ആർ.ഐയുടെ നീക്കങ്ങൾ മന്ദഗതിയിലായത്. ഇതിനെതിരെ പ്രതിഷേധം നിലനിൽക്കെയാണ് പുതിയ സംഭവം. പ്രധാന കണ്ണികളിലൊരാൾ കുടുങ്ങിയത് തുടരന്വേഷണങ്ങൾക്ക് സഹായിക്കുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വനിതകൾ നേതൃത്വം നൽകുന്ന വൻ റാക്കറ്റുകൾ കടത്തിൽ സജീവമാണെന്നതും ഇതോടെ വ്യക്തമാകുന്നു. സ്വർണവില വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതും കസ്റ്റംസ് ഡ്യൂട്ടി നിരക്കിലെ മാറ്റങ്ങളും സ്വർണക്കടത്തിന് സാധ്യത വർധിപ്പിക്കുന്നു.
Loading...
COMMENTS