ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതോടെ ആർ.എസ്‌.എസ്‌ കൂടുതൽ അക്രമോത്സുകമായി- കോടിയേരി

05:02 AM
12/08/2019
തിരുവനന്തപുരം: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതോടെ ആർ.എസ്‌.എസ്‌ കൂടുതൽ അക്രമോത്സുകമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സി.പി.എം വട്ടിയൂർക്കാവ്‌ മണ്ഡലം ശിൽപശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയ്‌ ശ്രീറാം വിളിക്കാത്തവർക്ക്‌ രക്ഷയില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. ഉദ്ദേശിച്ചകാര്യം നേടിയെടുക്കാൻ ഏതുമാർഗവും ആർ.എസ്‌.എസ്‌ സ്വീകരിക്കും. ജമ്മു-കശ്‌മീരിനുള്ള പ്രത്യേക പരിരക്ഷ ഇല്ലാതാക്കിയത്‌ ഇതിനുദാഹരണമാണ്‌. രാജ്യത്താകെ ഒരുനിയമം എന്ന്‌ പ്രചരിപ്പിക്കുന്നവർ പ്രത്യേക പരിരക്ഷയുള്ള മറ്റുസംസ്ഥാനങ്ങളുടെമേൽ കൈെവക്കുന്നില്ല. ഹിന്ദുത്വ ധ്രുവീകരണം സൃഷ്ടിക്കാൻ സാധിക്കുകയില്ല എന്ന്‌ മനസ്സിലാക്കിയാണ്‌ ഇതിന്‌ മുതിരാത്തത്‌. ജമ്മു-കശ്‌മീർ വിഷയം ഉയർത്തി കേരളത്തിലും ഹിന്ദുത്വധ്രുവീകരണത്തിന്‌ ആർ.എസ്‌.എസ്‌ ശ്രമിക്കും. അതേസമയം, കോൺഗ്രസ്‌ പ്രതിസന്ധിയിൽനിന്ന്‌ കരകയറിയിട്ടില്ല. സോണിയ ഗാന്ധിയെ താൽക്കാലിക അധ്യക്ഷയാക്കിയത്‌ ഇതിനുദാഹരണമാണ്‌. നെഹ്‌റുകുടുംബത്തിന്‌ പുറത്തുനിന്നൊരാൾ അധ്യക്ഷനാകണം എന്നാണ്‌ രാഹുൽ ഗാന്ധി പറഞ്ഞത്‌. എന്നാൽ, സോണിയ ഗാന്ധിയെ താൽക്കാലിക അധ്യക്ഷയാക്കിെയന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്ക് കീഴ്‌പ്പെടുത്താൻ കഴിയാത്ത കരുത്തും നയങ്ങളുമാണ്‌ ഇടതുപക്ഷത്തിേൻറത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികമാണ്‌. തിരിച്ചടികളെ അതിജീവിച്ച്‌ മുന്നോട്ടുപോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷത്തിൻെറ വിജയം അതിൻെറ തെളിവാണെന്നും കോടിയേരി പറഞ്ഞു.
Loading...