കെ.എസ്.ഇ.ബി സബ് എന്‍ജിനീയറെ മർദിച്ച രണ്ടുപേർ കൂടി പിടിയിൽ

05:04 AM
13/06/2019
ആറ്റിങ്ങല്‍: കെ.എസ്.ഇ.ബി ഓഫിസില്‍ അതിക്രമിച്ച് കയറി സബ് എന്‍ജിനീയറെ മർദിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി പിടിയിലായി. വീരളം ചെറുവിള വീട്ടില്‍ അഭിലാഷ് (23), വീരളം കല്ലിന്‍മൂട് വീട്ടില്‍ ശരത് (20) എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ പച്ചംകുളം രേവതിയില്‍ മോനി എസ്. പ്രസാദ് (20) സംഭവ ദിവസംതന്നെ അറസ്റ്റിലായിരുന്നു. ആറ്റിങ്ങല്‍ കെ.എസ്.ഇ.ബി ഓഫിസിലെ സബ് എന്‍ജിനീയര്‍ ശ്യാമപ്രസാദിനാണ് (53) മർദനമേറ്റത്. ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഓഫിസിലെത്തിയ ഒരു സംഘം ബഹളമുണ്ടാക്കുകയും മോനിയും അഭിലാഷും ശരത്തും ഓഫിസിനകത്തുകയറി ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കനത്തമഴയും കാറ്റും കാരണം പലയിടത്തും മരങ്ങള്‍ ഒടിഞ്ഞ് ലൈനില്‍ വീണതിനാല്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും ഉടന്‍ ശരിയാക്കുമെന്നും പറഞ്ഞെങ്കിലും ഇവര്‍ ജീവനക്കാരനെ മർദിക്കുകയായിരുന്നു. രാത്രിയിലും അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഒരു സംഘം ഓഫിസിലെത്തി അക്രമം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി എസ്.ഐ ശ്യാം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകൻെറ വീടിനുനേരേ കല്ലേറ് ആറ്റിങ്ങല്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകൻെറ വീടിനുനേരേയുണ്ടായ കല്ലേറിൽ ജനാലകളും കോണ്‍ക്രീറ്റും തകര്‍ന്നു. ആറ്റിങ്ങല്‍ കൊടുമണ്‍ കൈലാസത്തില്‍ വിഷ്ണുവിൻെറ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി കല്ലേറുണ്ടായത്. രാത്രി 12.10ഓടെ ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. വീടിനുള്ളില്‍ ഉറക്കത്തിലായിരുന്ന വിഷ്ണുവിൻെറയും ഭാര്യയുടെയും മക്കളുടെയും ദേഹത്ത് കല്ലുകളും ജനല്‍ച്ചില്ലുകളും പതിച്ചു. ബഹളം കേട്ട് നാട്ടുകാരുണര്‍ന്നപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടു. പൊലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പിലെ ആഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട് ഈസ്ഥലത്ത് നേരത്തേ തര്‍ക്കം ഉണ്ടായിരുന്നു. ഇതിൻെറ തുടര്‍ച്ചയാണ് കല്ലേറെന്ന് കരുതപ്പെടുന്നു. സംഭവത്തെക്കുറിച്ചന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഷ്ണു ആറ്റിങ്ങല്‍ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.
Loading...