സബ് രജിസ്​ട്രാർ ഒാഫിസുകൾ പണപ്പെട്ടിരഹിതമാക്കൽ പദ്ധതി അട്ടിമറിക്കുന്നു

05:03 AM
15/05/2019
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഒാഫിസുകൾ പണപ്പെട്ടി രഹിതമാക്കാനും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകാനുമായി സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നു. സർട്ടിഫിക്കറ്റുകൾക്ക് ഇ-പേമൻെറ് ഏർപ്പെടുത്തിയതോടെ അപേക്ഷ നൽകാനും ഫീസ് അടക്കാനും അപേക്ഷകർക്ക് സബ് രജിസ്ട്രാർ ഒാഫിസുകളിൽ എത്തേണ്ട ആവശ്യമില്ലാതായി. എന്നാൽ, സർട്ടിഫിക്കറ്റിനായി അപേക്ഷക്കൊപ്പം നൽകുന്ന പ്രമാണങ്ങൾ പരിശോധിക്കാനെന്ന വ്യാജേന പല സബ് രജിസ്ട്രാർ ഒാഫിസുകളിലും ഉദ്യോഗസ്ഥർ അപേക്ഷകരെ വിളിച്ചുവരുത്തുന്നു. വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി ഇരട്ടി ഫീസ് അടയ്ക്കുന്ന അപേക്ഷകർക്കുപോലും ആഴ്ചകൾ കഴിഞ്ഞാലും നൽകുന്നില്ല. സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകുന്നതോടെ ഒാഫിസിലെത്തുന്ന അപേക്ഷകരിൽനിന്ന് ഉദ്യോഗസ്ഥ ലോബി കൈക്കൂലി വാങ്ങുന്നെന്ന് ആക്ഷേപമുണ്ട്. സർട്ടിഫിക്കറ്റുകൾ വൈകുന്നതിന് നെറ്റ് ഇല്ല, വൈദ്യുതി തടസ്സം, ജീവനക്കാരുടെ കുറവ്, ബി ഗ്രൂപ്, പഴയ രേഖകൾ തുടങ്ങിയ കാരണങ്ങളാണ് ജീവനക്കാർ പറയുന്നത്. ആഴ്ചകൾ വൈകിയാലും സർട്ടിഫിക്കറ്റ് നൽകാത്തതിൻെറ കാരണം വ്യക്തമാക്കിയുള്ള സന്ദേശം അപേക്ഷകന് നൽകാറില്ല. അപേക്ഷ സ്വീകരിച്ചതായും സർട്ടിഫിക്കറ്റ് തയാറായെന്നുമുള്ള സന്ദേശമാകും ലഭിക്കുക. ഇതും അപൂർവമായേ ലഭിക്കാറുള്ളൂവെന്ന് അക്ഷയ സംരംഭകരും ആധാരമെഴുത്തുകാരും പറയുന്നു. അപേക്ഷകരുമായുള്ള 'ഇടപാട്' ദുഷ്കരമായാൽ അസ്സൽ പ്രമാണങ്ങൾ ആവശ്യപ്പെടും. ആധാര രജിസ്േട്രഷനുള്ള ഫീസ് സബ് രജിസ്ട്രാർ ഒാഫിസിൽ സ്വീകരിക്കുന്നത് ഒഴിവാക്കി ഒരുവർഷം കഴിഞ്ഞാണ് ബാധ്യതാ സർട്ടിഫിക്കറ്റിനായുള്ള ഫീസും ഇ-പേമൻെറ് വഴിയാക്കിയത്. ആധാരത്തിൻെറ സർട്ടിഫൈഡ് കോപ്പി, പ്രത്യേക വിവാഹം, ഫയലിങ് ഷീറ്റ് എന്നിവക്ക് മാത്രമാണ് ഇപ്പോൾ ഒാഫിസിൽ പണം ഈടാക്കുന്നത്. സബ്രജിസ്ട്രാർ ഒാഫിസുകളിൽ ദിനംപ്രതി ശരാശരി 25ഒാളം ബാധ്യതാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നെന്നാണ് കണക്ക്. ബാധ്യതാ സർട്ടിഫിക്കറ്റുകൾക്ക് ഇ-പേമൻെറ് സംവിധാനമായതോടെ ഇതുവഴി സബ് രജിസ്ട്രാർ ഒാഫിസിൽ ലഭിച്ചിരുന്ന പടിയിൽ കനത്ത ഇടിവുണ്ടായി. ഇതോടെയാണ് അപേക്ഷകരെ ഓഫിസിലെത്തിച്ച് പിരിവ് തുടങ്ങിയത്.
Loading...