Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:03 AM IST Updated On
date_range 7 May 2019 5:03 AM ISTമാലിന്യം തള്ളൽ പിടികൂടാൻ നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ്
text_fieldsbookmark_border
തിരുവനന്തപുരം: നഗരപരിധിയിലെ പൊതുനിരത്തുകളിലും ഓടകളിലും രാത്രി കക്കൂസ് മാലിന്യവും ഇറച്ചി മാലിന്യവും തള്ളുന്നവരെ പിടികൂടാൻ സ്‌പെഷൽ ഹെൽത്ത് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. കഴക്കൂട്ടം, കോവളം ബൈപ്പാസിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ ഇറച്ചി-കക്കൂസ് മാലിന്യം തള്ളുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. മേയർ വി.കെ. പ്രശാന്ത്, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൻെറ വിവിധഭാഗങ്ങളിലായി ഒരേസമയം നാല് സ്‌ക്വാഡുകളാണ് നിരീക്ഷണം നടത്തിയത്. മാലിന്യം തള്ളാനെത്തിയ നാല് വാഹനങ്ങള്‍ സ്‌ക്വാഡ് പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളുടെ പിന്തുണയും സഹായവും ഉണ്ടാകണമെന്നും മേയറും ഹെൽത്ത് ചെയര്‍മാനും അഭ്യർഥിച്ചു. പൊതുസ്ഥലങ്ങളിൽ സ്വകാര്യ സെപ്‌റ്റേജ് വാഹനങ്ങള്‍ അനധികൃതമായി കക്കൂസ് മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ നഗരസഭ കൗണ്‍സിൽ പാസാക്കിയ ബൈലോയുടെ അടിസ്ഥാനത്തിലാവും ഇനി വാഹനങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുക. പൊതുജനങ്ങള്‍ക്ക് സേവനം നൽകുന്നതിന് ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് എളുപ്പത്തിൽ സൗകര്യം ലഭ്യമാക്കുന്നതിനായി സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈൽ ആപ്പിൽ രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നൽകേണ്ട ഫീസ് ഓണ്‍ലൈനായിതന്നെ നഗരസഭയിലേക്ക് ഒടുക്കുന്നതിനുള്ള ക്രമീകരണവും ഉണ്ട്. നഗരസഭ നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രമേ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കൂ. പദ്ധതിയിൽ ഒമ്പത് വാഹനങ്ങള്‍ ഇതിനകം നഗരസഭയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കക്കൂസ് മാലിന്യം നീക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് വേഗത്തിൽ സേവനം ലഭിക്കുമെന്നും സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മേയർ ആവശ്യപ്പെട്ടു. അനധികൃതമായി സെപ്‌റ്റേജ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും വാഹനസേവനം പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടി സ്വീകരിക്കും. നഗരത്തിലെ സ്ഥാപനങ്ങളിൽനിന്നും ജൈവ-അജൈവ മാലിന്യം ശേഖരിച്ചുകൊണ്ടുപോകുന്ന ഏജന്‍സികള്‍ക്ക് രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായി മാലിന്യം കൈകാര്യംചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെയും അവര്‍ക്ക് മാലിന്യം കൈമാറുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും നടപടി സ്വീകരിക്കും. ഹെൽത്ത് സൂപ്പർവൈസർ അജിത്കുമാര്‍, ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ഹെൽത്ത് ഇന്‍സ്‌പെക്ടര്‍മാർ എന്നിവരും സ്‌ക്വാഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story