കള്ളവോട്ടിനെതിരെ ഫേസ്​ബുക്കിൽ പ്രതികരണം; സുരേഷ് കീഴാറ്റൂരി​െൻറ വീട് സി.പി.എമ്മുകാർ വളഞ്ഞു

05:03 AM
24/04/2019
കള്ളവോട്ടിനെതിരെ ഫേസ്ബുക്കിൽ പ്രതികരണം; സുരേഷ് കീഴാറ്റൂരിൻെറ വീട് സി.പി.എമ്മുകാർ വളഞ്ഞു തളിപ്പറമ്പ്: കള്ളവോട്ടിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിൻെറ വീട് സി.പി.എം പ്രവർത്തകർ വളഞ്ഞു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. സുരേഷിൻെറ ബൂത്തായ കീഴാറ്റൂർ ജി.എൽ.പി സ്കൂളിലെ 102ാം ബൂത്തിൽ നടന്ന വോട്ടിങ് ദൃശ്യത്തിൻെറ ലൈവ് വിഡിയോ സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ്ചെയ്തിരുന്നു. ഇതാണ് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ആദ്യം വെള്ളക്കുപ്പായം ധരിച്ചെത്തി വോട്ടു ചെയ്തയാൾ, പിന്നീട് കള്ളിഷർട്ട് ധരിച്ചെത്തി വോട്ടുചെയ്യുന്നത് വിഡിയോയിൽ കാണുന്നുണ്ട്‌. ഇതുപോലെ 60ഓളം കള്ളവോട്ട് ദൃശ്യങ്ങളുണ്ടെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഘടിച്ചെത്തിയ സി.പി.എമ്മുകാർ അസഭ്യം പറഞ്ഞതായും ഏറെനേരം വീട് വളഞ്ഞതായും സുരേഷ് പറഞ്ഞു. സംഭവമറിഞ്ഞ് വയൽക്കിളി പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. പിന്നീട് തളിപ്പറമ്പിൽനിന്ന് ഡിവൈ.എസ്.പിയുടെയും സി.ഐയുടെയും നേതൃത്വത്തിൽ പൊലീസ് എത്തിയതോടെയാണ് സംഘം പിരിഞ്ഞുപോയത്. എന്നാൽ, ഇതുസംബന്ധിച്ച് സുരേഷ് പൊലീസിൽ പരാതി നൽകിയിട്ടില്ല.
Loading...