ലീഗി​െനതിരായ വിമർശനത്തിൽ യു.ഡി.എഫ്​ പകച്ചുനിൽക്കുന്നു -കോടിയേരി

05:03 AM
15/04/2019
തിരുവനന്തപുരം: മുസ്ലിം ലീഗിന് എതിരെ ആർ.എസ്.എസ് ഉയർത്തുന്ന വിമർശത്തിന് മുന്നിൽ യു.ഡി.എഫ് പകച്ചുനിൽക്കുകയാെണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഹുൽ ഗാന്ധിയുടെ വയനാട് റാലിയിൽ ലീഗ് പതാക ഉപയോഗിച്ചതിനെ പാക് പതാകയെന്ന് പറഞ്ഞിട്ടും കോൺഗ്രസ് നേതാക്കൾ എതിർത്തില്ല. പാകിസ്താൻെറ പേര് പറഞ്ഞുള്ള മുസ്ലിം വിരുദ്ധ വികാരം അംഗീകരിക്കാനാവില്ല. ലീഗിനോടുള്ള വിരോധം മുസ്ലിം വിരോധമാക്കാൻ സി.പി.എം അനുവദിക്കില്ലെന്നും കെ.യു.ഡബ്ല്യു.ജെ സംഘടിപ്പിച്ച 'ഇന്ത്യൻ വോട്ട് വർത്തമാനം' പരിപാടിയിൽ അദ്ദേഹം പറഞ്ഞു. മോദിയുടെ കടന്നാക്രമണത്തിനെ മതനിരപേക്ഷത ഉയർത്തി പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ഗോവധം, രാമക്ഷേത്ര നിർമാണം എന്നിവയിൽ കോൺഗ്രസിനും ബി.ജെ.പിക്കും സമാന നിലപാടാണ്. മുസ്ലിം ലീഗ് മതമൗലികവാദ നിലപാട് സ്വീകരിക്കുന്ന മതാധിഷ്ഠിത പാർട്ടിയാണ്. എസ്.ഡി.പി.െഎയുമായും ജമാഅത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ട് ഉണ്ടാക്കിയതുതന്നെ മതമൗലികവാദ നിലപാട് വ്യക്തമാക്കുന്നതാണ്. െഎ.എൻ.എൽ മതമൗലിക പാർട്ടിയല്ല. അതിൻെറ പേരുതന്നെ മതനിരപേക്ഷത വ്യക്തമാക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻവിജയം നേടും. ഒരിടത്തും ഇത്തവണ സംസ്ഥാന സർക്കാർ വിരുദ്ധ വികാരമില്ല. സർക്കാറിൻെറ ജനക്ഷേമ പ്രവർത്തനം പ്രതിഫലിക്കും. 2004ൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് ലഭിച്ച വോട്ട് ശതമാനം നിലനിൽക്കുമെന്ന് പറയാൻ അമിത് ഷാക്ക് കഴിയുമോ. ബി.ഡി.ജെ.എസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽനിന്ന് ആർ.എസ്.എസുകാർ മറ്റ് മണ്ഡലങ്ങളിലേക്ക് മാറിയിരിക്കുന്നു. തിരുവനന്തപുരത്ത് കോൺഗ്രസുകാർ പ്രവർത്തിക്കുന്നില്ലെന്ന് ശശി തരൂർ തന്നെ പരാതി പറഞ്ഞു. എസ്.ഡി.പി.െഎയുടെയും ആർ.എസ്.എസിൻെറയും വോട്ട് വേണ്ടെന്ന് സി.പി.എം പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് രാഹുൽ ഫാക്ടർ ഇല്ല. എൻ.കെ. പ്രേമചന്ദ്രെനതിരായ പരനാറി പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോൾ ഒാരോരുത്തർക്കും അർഹതപ്പെട്ട പേരല്ലേ വിളിക്കാൻ പറ്റൂവെന്നായിരുന്നു മറുപടി.
Loading...