ഓടനാവട്ടം ചന്തയിൽ മാലിന്യക്കൂമ്പാരം; ദുർഗന്ധം വമിച്ചിട്ടും നടപടിയില്ല

05:03 AM
13/03/2019
വെളിയം: ഓടനാവട്ടം ചന്തയിൽ മാലിന്യം കുന്നുകൂടി ദുർഗന്ധം വമിച്ചിട്ടും വെളിയം പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മാസങ്ങളായി ചന്തയിൽ മാലിന്യം കുമിഞ്ഞുകൂടികൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയും വിവിധ രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് ചർച്ചകളിലായതിനാൽ മാലിന്യം നീക്കണമെന്ന നാട്ടുകാരുടെ പരാതികൾ ചെവിക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. വർഷവും ലക്ഷക്കണക്കിന് രൂപയാണ് ചന്തയിലെ കംഫർട്ട്സ്റ്റേഷൻ വൃത്തിയാക്കുന്നതിന് സർക്കാർ അനുവദിക്കുന്നത്. എന്നാൽ വൃത്തിയാക്കൽ കാര്യക്ഷമമല്ലാതായതോടെ ദുർഗന്ധം കാരണം നാട്ടുകാർക്ക് ചന്തയുടെ പരിസരത്ത് പോലും എത്താൻ കഴിയുന്നില്ല. ഇതിന് പുറമെയാണ് മാലിന്യം വർധിച്ചുവരുന്നത്. നാട്ടുകാരും കച്ചവടക്കാരും രോഗഭീഷണി നേരിടുന്നുണ്ട്. ആരോഗ്യവകുപ്പ് ഇതിനെതിരെ നടിപടി സ്വീകരിക്കാത്തതും സ്ഥലം സന്ദർശിക്കാത്തതും സ്ഥിതി ഗുരതരമാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ മാലിന്യസംസ്കരണത്തിന് പ്രത്യേകസംവിധാനമില്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. നാട്ടുകാർ നിരന്തരം പരാതി നൽകിയാൽ മാസങ്ങൾക്ക് ശേഷം മാത്രമാണ് ചന്തയിലെ ഉൾപ്പെടെയുള്ള മാലിന്യം അധികൃതർ നീക്കം ചെയ്യാറുള്ളത്. എന്നാൽ ദിവസങ്ങൾക്കകം മാലിന്യം കുന്നുകൂടി പൂർവസ്ഥിതിയിലാവും. മാലിന്യം അതാത് ദിവസം വൃത്തിയാക്കാനുള്ള നടപടി പഞ്ചായത്തി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് നാട്ടുകാരെ വലക്കുന്നത്. ദുർഗന്ധപൂർണമായ ചന്തയെ ഉടൻ നവീകരിക്കണമെന്ന് സമീപത്തെ കടക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.
Loading...
COMMENTS