Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 5:05 AM IST Updated On
date_range 12 Feb 2019 5:05 AM ISTവകുപ്പുകൾ തമ്മിൽ ഏകോപനമില്ല; സെൻറ് മേരീസിന് മുന്നിലെ ആകാശപാത ത്രിശങ്കുവിൽ
text_fieldsbookmark_border
തിരുവനന്തപുരം: വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മയിൽ പട്ടം സെൻറ് മേരീസിന് മുന്നിലെ ആകാശപാത ത്രിശങ്കുവിൽ. നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്ത കോട്ടൺഹിൽ സ്കൂളിന് മുന്നിലെ ആകാശപാതക്ക് പിന്നാലെ പട്ടത്തും നിർമിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. 20 ദിവസം ലഭിച്ചാൽ തലസ്ഥാനത്തെ രണ്ടാമത്തെ ആകാശപാത പൂർത്തിയാക്കിനൽകാമെന്നാണ് നിർമാതാക്കളായ സൺ ഇൻഫ്രാടെക് അറിയിച്ചിരിക്കുന്നത്. എന്നാൽ, പൊതുമരാമത്ത് വകുപ്പ് ആകാശപാത നിർമാണത്തിനുള്ള അനുമതി നൽകാത്തതാണ് തടസ്സം. ദ്രുതഗതിയിൽ ആരംഭിച്ച നിർമാണം ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. കോർപറേഷൻ സമ്മർദം ചെലുത്തിയിട്ടും പൊതുമരാമത്ത് മുഖംതിരിഞ്ഞുനിൽക്കുന്നുവെന്നുവത്രെ. ലക്ഷങ്ങൾ മുടക്കി റോഡ് വക്കിൽ കൂട്ടിയിട്ടിരിക്കുന്ന നിർമാണവസ്തുക്കൾ നശിക്കുകയാണ്. ഇത് വിദ്യാർഥികളുടെ സുഗമമായ കാൽനടക്കും തടസ്സമായിട്ടുണ്ട്. എത്രയും പെട്ടെന്ന് നിർമാണം ആരംഭിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾ കുട്ടികൾക്ക് നേരിടേണ്ടിവരുമോയെന്ന ആശങ്കയും നാട്ടുകാർക്കും രക്ഷാകർത്താക്കൾക്കുമുണ്ട്. നേരത്തെ, തീരുമാനിച്ചതിൽനിന്ന് നിർമാണരൂപരേഖയിൽ ചെറിയമാറ്റം ഉണ്ടായതാണ് തടസ്സമായത്. പാതക്കായുള്ള പില്ലറുകൾ സ്ഥാപിക്കാൻ സ്കൂൾ അധികൃതർ അവരുടെ മതിലിെൻറ ഒരുഭാഗം പൊളിച്ചുനൽകി. ഇതിന് എതിർവശത്തായുള്ള സ്വകാര്യസ്ഥാപനം നിർമാണത്തെ എതിർത്തില്ലെങ്കിലും അവരുടെ വസ്തുവിന് കേടുപാടുകൾ ഉണ്ടാക്കാൻ പാടില്ലെന്ന് നിർദേശിച്ചു. ഇതോടെ റോഡിലേക്ക് ഒരൽപം മാറ്റി പില്ലറുകളും സ്ലാബുകളും സ്ഥാപിക്കേണ്ടിവന്നു. ശേഷവും പണി തുടർന്നെങ്കിലും പൊതുമരാമത്ത്, റോഡ്ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലെത്തത്തി നിർമാണ പ്ലാൻ മാറിയതിനാൽ പുതിയ സ്കെച്ചും പ്ലാനും നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് അനുമതി നൽകിയതിനുശേഷം മാത്രമേ തുടർനിർമാണം നടത്താൻ പാടുള്ളൂവെന്നും അറിയിച്ചു. തുടർന്നാണ് പാതനിർമാണം നിലച്ചതെന്ന് കമ്പനി അധികൃതർ പറയുന്നു. എന്നാൽ, അത് നൽകിയിട്ടും അനുമതി നൽകുന്നില്ല. വലിയ ഗതാഗതക്കുരുക്കുള്ള ഇവിടെ കുട്ടികൾക്ക് എളുപ്പത്തിൽ റോഡിലൂടെയല്ലാതെ സ്കൂളിലേക്ക് പ്രവേശിക്കാനും അതുപോലെ തിരിച്ചുപോകാനുമാണ് ആകാശപാത നിർമിക്കാൻ തീരുമാനിച്ചത്. അതാണിപ്പോൾ വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ കരുങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story