Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTഹോട്ടലുകളിൽനിന്ന് ഇനി സൗജന്യമായി കുടിവെള്ളം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ലയിലെ ഹോട്ടലുകളിൽനിന്ന് ഇനി സൗജന്യമായി കുടിവെള്ളം ലഭിക്കും. നേരിട്ടും വാട്ടർ ബോട്ടിലിലും പൊതുജനങ്ങൾക്ക് സൗജന്യമായി കുടിവെള്ളം നൽകാൻ തയാറാണെന്ന് ഹോട്ടൽ ആൻഡ് െറസിഡൻറ്സ് അസോസിയേഷൻ ജില്ല ഭരണകൂടത്തെ അറിയിച്ചു. ഹോട്ടലുകളിലെ ടോയ്‌ലറ്റുകളും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാം. ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ ജില്ലയിലെ ഹോട്ടലുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഹരിതചട്ട നടപടികൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിെൻറതാണ് തീരുമാനങ്ങൾ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടിയാണ് നഗരത്തിലെത്തുന്നവർക്ക് സൗജന്യമായി കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത്. സ്റ്റീൽ വാട്ടർ ബോട്ടിലുകൾ നൽകുകയാണെങ്കിൽ എല്ലാ ഹോട്ടലുകളിൽനിന്നും ശുദ്ധമായ കുടിവെള്ളം നിറച്ചുതരും. ജ്യൂസ് നൽകുമ്പോൾ പ്ലാസ്റ്റിക് സ്‌ട്രോ ഒഴിവാക്കും. ഐസ്‌ക്രീമിനും മറ്റും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്പൂണുകളും പരമാവധി ഒഴിവാക്കുമെന്നും കലക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ഹോട്ടൽ ഉടമകൾ അറിയിച്ചു. ഹോട്ടലുകളിൽനിന്ന് ഡിസ്‌പോസിബിൾ പ്ലേറ്റുകൾ പൂർണമായി ഒഴിവാക്കുന്നതിനുള്ള ഉപാധികളും യോഗം ചർച്ചചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തും. ഹോട്ടലുകളിൽനിന്ന് പാർസലുകൾ നൽകുന്നതിനാണ് ഡിസ്‌പോസിബിൾ പാത്രങ്ങൾ അധികമായി ഉപയോഗിക്കേണ്ടിവരുന്നത്. ഇതിനു ബദൽ മാർഗങ്ങൾ പരിശോധിക്കും. പാർസൽ വാങ്ങാനെത്തുന്നവർ പാത്രം കൊണ്ടുവരികയാണെങ്കിൽ പാർസൽ ചാർജ് ഒഴിവാക്കിയേ വില ഈടാക്കുകയുള്ളൂവെന്നും ഉടമകൾ യോഗത്തിൽ പറഞ്ഞു. കലക്ടർ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. ഇത്തരം ഹോട്ടലുകൾക്ക് ജില്ല ഭരണകൂടവും ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേർന്ന് ഗ്രീൻ ഹോസ്പിറ്റാലിറ്റി സർട്ടിഫിക്കറ്റ് നൽകും. പ്രകൃതിസൗഹൃദ പാർക്കിങ്ങും സ്റ്റീൽ പാത്രങ്ങളിൽ പാർസലും പ്രോത്സാഹിപ്പിക്കുന്ന ഹോട്ടലുകളെ ഇക്കോ ഫ്രണ്ട്‌ലി ഫുഡ് എന്ന ബ്രാൻഡിൽ പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നതായും കലക്ടർ പറഞ്ഞു. ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വമിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർ ഷീബ പ്യാരേലാൽ, ഹോട്ടൽ ആൻഡ് റസ്റ്റാറൻറ്-ബേക്കറി അസോ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story