Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2018 10:35 AM IST Updated On
date_range 18 Nov 2018 10:35 AM ISTSide Story 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ല' സ്വപ്നമായി അവശേഷിപ്പിച്ച് മടക്കം
text_fieldsbookmark_border
നഹീമ പൂന്തോട്ടത്തിൽ കോഴിക്കോട്: കോഴിക്കോടിെൻറ പ്രിയപ്പെട്ട കെ.ടി.സി ജീവിതത്തിൽനിന്ന് മടങ്ങിയത് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാനാവാതെ. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ല' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു കെ.ടി.സി. അബ്ദുല്ല. ഈ സിനിമയുടെ ഷൂട്ടിങ് തൃശൂരിൽ നടന്നുകൊണ്ടിരിക്കെയാണ് വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിലാവുന്നത്. അസുഖം ഭേദമായ ഉടൻ ചിത്രം പൂർത്തിയാക്കണം എന്ന കാര്യം രോഗക്കിടക്കയിൽവെച്ചും അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു. അവസാന നാളുകളിലും താൻ കാരണം സിനിമ തടസ്സപ്പെടുമോ എന്ന ആശങ്കയിലായിരുന്നു കെ.ടി.സിയെന്ന് നടനും അടുത്ത സുഹൃത്തുമായ മാമുക്കോയ 'മാധ്യമ'ത്തോട് പറഞ്ഞു. വസ്ത്രവ്യാപാരത്തിന് പ്രശസ്തമായ ബോംബെയിലെ ബീവണ്ടിയിലേക്ക് ജോലി തേടിയെത്തിയ അബ്ദുല്ല അര നൂറ്റാണ്ടിനുശേഷം സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ തേടിയെത്തുന്നതിെൻറ കഥയാണ് 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുല്ല' പറയുന്നത്. ബാലു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, മാമുക്കോയ, രചന നാരായണൻകുട്ടി, മീര വസുദേവ് തുടങ്ങിയവരാണ് ഇതിലെ മറ്റ് അഭിനേതാക്കൾ. ........... വെള്ളിത്തിരയിൽനിന്ന് മടങ്ങി; സ്നേഹനിധിയായ വാപ്പയായി കോഴിക്കോട്: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം കണ്ടവരാരും ചിത്രത്തിലെ മജീദിെൻറ പിതാവിെൻറ മുഖം മറക്കാനിടയില്ല. ഭാര്യയുടെ ആദ്യ ഭർത്താവിലുണ്ടായ മകനോടുള്ള സ്നേഹം ഉള്ളിൽ വഴിഞ്ഞൊഴുകിയിട്ടും അവെൻറ എതിർപ്പുമൂലം ആ സ്നേഹം പ്രകടിപ്പിക്കാനാവാതെ പോയ നിസ്സഹായനായ വാപ്പ. വളരെ കുറച്ചു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പേരുപോലുമില്ലാത്ത ആ പിതാവ് ചിത്രത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളെയുംപോലെ പ്രേക്ഷകരുടെ െനഞ്ചിൽ കുടിയിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, ഒരു വാക്കുപോലും മറുത്തുപറയാത്ത ആ സൗമ്യശീലനായ ബാപ്പ ക്ലൈമാക്സിൽ കാണികളെ കരയിപ്പിക്കുകകൂടി ചെയ്തു. പിതാവിെൻറ സ്നേഹം തിരിച്ചറിഞ്ഞ് മജീദ് അദ്ദേഹത്തെ ഇരുട്ടിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന രംഗമായിരുന്നു അത്. ശനിയാഴ്ച രാത്രി അന്തരിച്ച നടൻ കെ.ടി.സി. അബ്ദുല്ലയുടെ അവസാനത്തെ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. ചുരുക്കം രംഗങ്ങളേ അഭിനയിക്കാനുണ്ടായിരുന്നുള്ളൂവെങ്കിലും പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു അന്നദ്ദേഹം കാഴ്ചവെച്ചത്. ...... പി.വി.ജി നൽകിയ കെ.ടി.സി എന്ന മേൽവിലാസം കോഴിക്കോട്: പാളയം കിഴക്കേകോട്ട പറമ്പിൽ വീട്ടിൽ ജനിച്ച നാടകകാരൻ അബ്ദുല്ല കെ.ടി.സി. അബ്ദുല്ലയായത് പി.വി. സാമിയുടെ കേരള ട്രാൻസ്പോർട്ട് കമ്പനി(കെ.ടി.സി)യിലൂടെയാണ്. പേര് സമ്മാനിച്ചത് സാമിയുടെ മകൻ പി.വി. ഗംഗാധരൻ എന്ന പി.വി.ജിയും. ചെറുപ്പത്തിൽ നാടകവുമായി നടന്ന അബ്ദുല്ലക്ക്, പിതാവ് ഉണ്ണിമോയിന് സുഖമില്ലാതായതോടെ ജീവിതപ്രാരബ്ധങ്ങളായി. ഇതോടെ ഒരു ജോലി അത്യാവശ്യമാണ് എന്ന സ്ഥിതിയെത്തി. അദ്ദേഹത്തിെൻറ നാടകങ്ങൾ പതിവായി കാണാറുള്ള പി.വി. സാമിക്ക്, അബ്ദുല്ലയെ പരിചയപ്പെടുത്തിയത് കല്ലാട്ട് കൃഷ്ണനാണ്, എന്തെങ്കിലും ജോലി നൽകണമെന്ന ശിപാർശയോടെ. അങ്ങനെയാണ് അബ്ദുല്ല കെ.ടി.സിയിൽ ജീവനക്കാരനായി എത്തുന്നത്. 1959ലായിരുന്നു ഇത്. അവിടെവെച്ച് ഒരിക്കൽ പി.വി.ജി അബ്ദുല്ലക്ക് ഒരു സ്നേഹോപദേശം നൽകി: ''അബ്ദുല്ലക്ക, നിങ്ങള് ഫോണെടുക്കുമ്പഴും മറ്റും അബ്ദുല്ലയാണ്, കെ.ടി.സിയിൽ നിന്നാണ് എന്നല്ല പറയേണ്ടത്, മറിച്ച് കെ.ടി.സി. അബ്ദുല്ലയാണ് എന്നു പറയൂ.'' അങ്ങനെയാണ് അബ്ദുല്ല കെ.ടി.സി. അബ്ദുല്ലയാവുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പേരിൽ കെ.ടി.സി ഗ്രൂപ് സിനിമ നിർമാണ രംഗത്തേക്കെത്തിയതോടെ അദ്ദേഹം സിനിമയിലേക്കും എത്തി. 1977ൽ രാമു കാര്യാട്ടിെൻറ ദ്വീപ് ആയിരുന്നു ആദ്യ ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story