Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 12:56 PM IST Updated On
date_range 15 Sept 2018 12:56 PM IST...അനന്തരം ദുരിതമേറി മയ്യനാട്
text_fieldsbookmark_border
(ചിത്രം) കൊട്ടിയം: പ്രളയകാലത്തെക്കാൾ ദുരിതമാണ് മയ്യനാട്ടുകാർക്ക് പ്രളയാനന്തര കാലം. മുക്കത്തെ പൊഴിമുറിച്ചതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ തീരദേശ റോഡ് ഇല്ലാതായി. കൊല്ലത്തുനിന്ന് പരവൂർ എത്തുന്നതിനുള്ള എളുപ്പമാർഗമായിരുന്നു റോഡ്. കൊല്ലം തോട്ടിലും പരവൂർ കായലിലും വെള്ളം ക്രമാതീതമായി ഉയർന്നപ്പോഴാണ് ജില്ല ഭരണകൂടം ഇടപെട്ട് തീരദേശ റോഡ് വെട്ടിമുറിച്ച് കായൽ വെള്ളം കടലിലേക്ക് ഒഴുക്കിയത്. വേലിയേറ്റ സമയത്ത് കടൽവെള്ളം പൊഴിമുറിച്ച ഭാഗത്തു കൂടി വരുമെന്നതിനാൽ കാൽനടയാത്രക്കാർ പോലും ഭീതിയോടെയാണ് അക്കരെയിക്കരെ കടക്കുന്നത്. മയ്യനാട് ജന്മംകുളം ഭാഗത്ത് ക്ഷേത്ര മൈതാനത്തും ഓഡിറ്റോറിയത്തിനടുത്തും കോട്ടക്കാ വയൽഭാഗത്തും മലിനജലം ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ജന്മംകുളത്ത് വെള്ളം പമ്പ് ചെയ്ത് കളയാൻ ശ്രമിച്ചിട്ടും നടന്നില്ല. വെള്ളം കയറിയ സ്ഥലങ്ങളിൽ മഴ മാറിമാനം തെളിഞ്ഞിട്ടും ചെളിയും വെള്ളവും കെട്ടിക്കിടപ്പുണ്ട്. മയ്യനാട് വില്ലേജിെൻറ പരിധിയിൽ ശാസ്താംകോവിൽ സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചത്. ഇവിടെയുണ്ടായിരുന്ന 165 കുടുംബങ്ങളുടെയും വിവരം തഹസിൽദാർക്ക് നൽകിയതിനെ തുടർന്ന് ഒട്ടുമിക്കവർക്കും സർക്കാറിെൻറ ധനസഹായം ലഭിച്ചിരുന്നു. ഇരവിപുരം വില്ലേജിെൻറ പരിധിയിൽ രണ്ട് ക്യാമ്പുകളാണ് പ്രവർത്തിച്ചത്. ഇരവിപുരം, വാളത്തുംഗൽ സ്കൂളുകളിലായി 678 പേരാണ് ക്യാമ്പിൽ കഴിഞ്ഞിരുന്നത്. ഇവരിൽ പകുതിയിലധികം പേർക്ക് ധനസഹായം ലഭിച്ചു. വള്ളക്കടവ് സൂനാമി ഫ്ലാറ്റ്, നിലമേൽ തൊടി, ആക്കോലിൽ, താന്നി, എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. പ്രളയകാലത്ത് നിറഞ്ഞുകവിഞ്ഞൊഴുകിയ കൊല്ലം തോട്ടിലും താന്നി കായലിലും വെള്ളം കുറഞ്ഞ നിലയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയിലേക്ക് വരുകയാണ്. തൃക്കോവിൽവട്ടം വില്ലേജിെൻറ പരിധിയിൽ മൂന്നു ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. ചെറിയേല, മുഖത്തല, വെട്ടിലത്താഴം എന്നിവിടങ്ങളിലെ സ്കൂളുകളിൽ പ്രവർത്തിച്ച ക്യാമ്പുകളിൽ 169 കുടുംബങ്ങളാണ് കഴിഞ്ഞിരുന്നത്. ഇവർക്കെല്ലാം ധനസഹായം ലഭിച്ചിട്ടുണ്ട്. ആദിച്ചനല്ലൂർ വില്ലേജിൽപെട്ട മാനാംകുന്ന് ഭാഗത്താണ് പ്രളയം ഏറ്റവും കൂടുതൽ ദുരിതമുണ്ടാക്കിയത്. കൊട്ടിയം കിംസ് സ്കൂളിലാണ് ഇവിടെയുള്ളവരെ പാർപ്പിച്ചിരുന്നത്. ക്യാമ്പിൽ കഴിഞ്ഞവർക്ക് ധനസഹായം ലഭിച്ചെങ്കിലും പല വീടുകളും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ഇത്തിക്കരയാറ് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മീനാട് വില്ലേജിൽ നിരവധി വീടുകൾക്കാണ് നാശം സംഭവിച്ചത്. സർക്കാറിൽ നിന്ന് ലഭിച്ച 10,000 രൂപ ഒന്നിനും തികയില്ലെന്നാണ് ഇവർ പറയുന്നത്. പ്രളയത്തിൽ വീടുകൾ തകർന്ന പലരും പുനർനിർമാണത്തിനായി സർക്കാർ സഹായം കാത്തു കഴിയുകയാണ്. ...അനന്തരം ജലമിറങ്ങി കര വരണ്ടു (ചിത്രം) പത്തനാപുരം: പ്രളയജലത്തില്‍നിന്ന് കരയേറി മലയോരജനതയെ കാത്തിരിക്കുന്നത് ശക്തമായ കുടിവെള്ളക്ഷാമം. ചൂട് കഠിനമായതോടെ തോടുകളും കിണറുകളും വറ്റിത്തുടങ്ങി. പ്രളയം ബാക്കിവെച്ച കൃഷിയിടങ്ങള്‍ മിക്കതും പകല്‍ സമയത്തെ കനത്ത ചൂടില്‍ കരിഞ്ഞുണങ്ങുകയാണ്. കഴിഞ്ഞമാസം അവസാനംവരെ നിറഞ്ഞൊഴുകിയ ചെറുതോടുകൾ നിലവിൽ വരൾച്ചയുടെ പിടിയിലാണ്. അച്ചന്‍കോവില്‍ ആറ്റിലെയും കല്ലടയാറ്റിലെയും വെള്ളം ക്രമാതീതമായാണ് കുറഞ്ഞിരിക്കുന്നത്. സാധാരണ ഉള്ളതിലും താഴെയാണ് നിലവിലെ ജലനിരപ്പ്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ചൂടിന് സമാനമായാണ് ഇത്തവണ സെപ്റ്റംബറിലുണ്ടാകുന്നത്. ആറിെൻറയും തോടിെൻറയും അടുത്തുള്ള കിണറുകളിൽ ഉൾപ്പെടെ ജലനിരപ്പ് താഴാൻ തുടങ്ങി. ഇത്തരത്തിൽ രണ്ടാഴ്ചകൂടി ചൂട് തുടർന്നാൽ തോടുകൾ പൂര്‍ണമായും വറ്റും. രാത്രിയിലെ മഞ്ഞും, പകല്‍സമയത്തെ കഠിനമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ട്. വർഷങ്ങളായി കിഴക്കൻ മേഖലയിൽ വേനല്‍ക്കാലത്ത് ഉണ്ടാകുന്ന ചൂട് കാരണം ശക്തമായ ജലക്ഷാമവും ഉണ്ടാകാറുണ്ട്. പശ്ചിമഘട്ടത്തോടു ചേർന്ന പ്രദേശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്ന ആവശ്യമുയരുന്നു. മഴസമയത്ത് 115 മീറ്ററിന് മുകളിൽ ജലനിരപ്പുയർന്ന തെന്മല പരപ്പാർ ഡാമിൽ 113ല്‍ താഴെയായി. ചൂടിനൊപ്പം പൊടിശല്യം കൂടിയെത്തുന്നത് യാത്രികരെയും ഏറെ വലയ്ക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കര്‍ഷകരെ എറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം മഴ ലഭിച്ചെങ്കിലും പൊടുന്നനെ ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയും, കൃഷിയിടങ്ങള്‍ വരണ്ടുണങ്ങുകയും ചെയ്തത് കര്‍ഷകര്‍ക്ക് ഇരട്ട പ്രഹരമായി. ചൂട് കാരണം ഉച്ച സമയങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ജലാശയങ്ങളില്‍ ഇറക്കിനിര്‍ത്തുകയാണ് പലരും. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമെ നിരവധിയാളുകള്‍ വരള്‍ച്ചാ സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കുന്ന കനാലുകളും പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story