യുവാക്കൾ പുനർനിർമാണത്തിൽ പങ്കാളികളാവണം -മന്ത്രി

06:38 AM
12/09/2018
കൊല്ലം: പുതുകേരളം സൃഷ്ടിക്കുന്നതിൽ ഇന്നത്തെ യുവാക്കൾ ശക്തമായി പങ്കാളികളാകണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഏത് വെല്ലുവിളികളെയും അവസരമാക്കി മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി യുവാക്കൾക്കുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന യുവജന കമീഷ​െൻറ സന്നദ്ധ പ്രവർത്തകർക്കുള്ള ത്രിദിന ക്യാമ്പ് കൊല്ലം െഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ട് വലിയ സംഭാവന ഈ പ്രളയകാലത്ത് യുവാക്കൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പ്രതീക്ഷ നൽകുന്നവരാണ് നമ്മുടെ നാട്ടിലെ യുവാക്കളെന്ന് തെളിയിച്ചിരിക്കുകയാണ്. ശക്തമായ കൂട്ടായ്മ ഉണ്ടാക്കാൻ അവർ യുവജന കമീഷനുമായി സഹകരിക്കണം. ഒരു ജില്ലയിൽ നിന്ന് മൂന്നും പഞ്ചായത്തിൽ നിന്ന് അഞ്ചു പേരെയും സംഘടിപ്പിച്ച് കേരളത്തിലെ ആയിരം പഞ്ചായത്തുകളിൽനിന്ന് വലിയൊരു കൂട്ടായ്മ ഉണ്ടാക്കി ഇനി വരുന്ന അടിയന്തര ആവശ്യങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. 'വാർത്തകൾ സത്യവും മിഥ്യയും' വിഷയത്തിൽ മാതൃഭൂമി ഓൺലൈൻ സീനിയർ കൺസൾട്ടൻറ് സുനിൽ പ്രഭാകറും 'പുനരധിവാസ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക്' വിഷയത്തിൽ ഹരിത കേരളം ടെക്നിക്കൽ ഓഫിസർ വി. രാജേന്ദ്രൻ നായരും 'കമീഷൻ പ്രവർത്തനങ്ങളുടെ മാർഗരേഖ' വിഷയത്തിൽ ഫിനാൻസ് ഓഫിസർ ഷീന സി. കുട്ടപ്പനും 'കമീഷനും പൊതുജന സമ്പർക്ക പ്രവർത്തനവും' വിഷയത്തിൽ കമീഷ​െൻറ മീഡിയാ കോഓഡിനേറ്റർ ജിതേഷ് ദാമോദറും ക്ലാസുകൾ നയിച്ചു. ചടങ്ങിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവജന കമീഷ​െൻറ നേതൃത്വത്തിൽ സമാഹരിച്ച തുകയുടെ ചെക്ക് ചെയർപേഴ്സൺ ചിന്താ ജെറോം മന്ത്രിക്ക് കൈമാറി. ചെയർപേഴ്സൺ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. കമീഷൻ അംഗങ്ങളായ കെ.വി. രാജേഷ്, കെ. ജനീഷ് കുമാർ, ദീപു രാധാകൃഷ്ണൻ, ടി. മഹേഷ്, ടിൻറു സ്റ്റീഫൻ, യുവജന കമീഷൻ സെക്രട്ടറി ഡി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS