അലിമുക്ക്-അച്ചൻകോവിൽ കാനനപാതയിൽ 'വഴിതെളിയുന്നു'

06:38 AM
12/09/2018
പുനലൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന അലിമുക്ക്-അച്ചൻകോവിൽ കാനനപാത നവീകരിക്കാൻ നടപടി. 34 കിലോമീറ്റർ പാത പുനർനിർമിക്കാൻ നബാർഡിൽനിന്ന് പതിനഞ്ചരക്കോടി അനുവദിച്ചതായി വനംമന്ത്രി കെ. രാജു അറിയിച്ചു. നബാർഡ് ഈ സാമ്പത്തികവർഷം വനംവകുപ്പിന് ആകെ 20 കോടിരൂപയാണ് അനുവദിച്ചത്. ഇതിൽ പതിനഞ്ചരക്കോടിയും ഈ പാതക്ക് അനുവദിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. കഴിഞ്ഞവർഷവും പാത നവീകരിക്കാൻ ടെൻഡർ അടക്കം നടപടി സ്വീകരിച്ചിരുന്നെങ്കിലും നബാർഡിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി. പത്തനാപുരം, പുനലൂർ നിയോജക മണ്ഡലത്തിലൂടെയുള്ളതാണ് അലിമുക്ക്-അച്ചൻകോവിൽ പാത. കിഴക്കൻ മേഖലയിലെ പ്രധാന കാനനപാതയായ ഇതുവഴിയാണ് അച്ചൻകോവിലുകാർ യാത്രചെയ്തിരുന്നത്. കൂടാതെ ശബരിമല തീർഥാടകർ ആശ്രയിക്കുന്ന പാതയുമാണ്. കിഴക്കൻ വനാന്തരങ്ങളിൽനിന്ന് തടി ഉൾെപ്പടെ വനവിഭവങ്ങൾ പുറത്തേക്ക് എത്തിക്കുന്നതും ഈ പാതയിലൂടെയാണ്. ചെങ്കോട്ട വഴി മറ്റൊരു റോഡുണ്ടെങ്കിലും തമിഴ്നാട്ടിലൂടെ ഇരട്ടിദൂരം സഞ്ചരിച്ചാലേ അച്ചൻകോവിലുകാർക്ക് അവരുടെ പഞ്ചായത്ത്, വില്ലേജ് ആസ്ഥാനമായ ആര്യങ്കാവിൽ എത്താനാകൂ. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ പാതയിലെ ഗതാഗതം തടസ്സപ്പെടും. ഇതിനൊപ്പം പാത പൂർണമായി തകർന്നത് ഇരട്ടിദുരിതം തീർക്കുകയായിരുന്നു. റോഡി​െൻറ തകർച്ചകാരണം പുനലൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് പലപ്പോഴും വഴിയിൽ കുടുങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.
Loading...
COMMENTS