Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:02 AM IST Updated On
date_range 25 May 2018 11:02 AM ISTമൂന്നാം ദിനവും തപാൽമേഖല നിശ്ചലം
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുക്കുന്നതുവരെ തപാൽസമരത്തിൽ നിന്ന് പിറകോട്ടില്ലെന്ന് സംയുക്ത സമരസമിതി. കഴിഞ്ഞ 22ന് തുടങ്ങിയ ദേശീയപണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തെ 5500 തപാലാപ്പീസും 35 റെയിൽേവ മെയിൽ സർവിസ് (ആർ.എം.എസ്) ഒാഫിസും അഡ്മിനിസ്ട്രേറ്റിവ്, അക്കൗണ്ട്സ് ഒാഫിസും അടഞ്ഞുകിടക്കുകയാണെന്നും മെയിൽ ബാഗുകൾ കെട്ടിക്കിടക്കുകയാണെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീഡ് പോസ്റ്റ് സെൻററുകൾ പ്രവർത്തനരഹിതമാണ്. കോളജ്-സ്കൂൾ പ്രവേശനം, മത്സരപരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സേവനവും തടസ്സപ്പെട്ടിരിക്കുന്നു. ഗ്രാമീണ തപാൽ മേഖലയിൽ (ജി.ഡി.എസ്) ജോലിയെടുക്കുന്നവരുടെ സേവന-വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. പരിഷ്കരണത്തിന് നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയതെന്ന് ഭാരവാഹികൾ പറഞ്ഞു. 2016 ജനുവരി ഒന്ന് മുതൽ ചുരുങ്ങിയ അടിസ്ഥാനവേതനം 10,000 രൂപയായി ഉയർത്തുക, ആറ് മാസത്തെ പ്രസവാവധി അനുവദിക്കുക, വർഷത്തിൽ 30 ദിവസമെങ്കിലും എല്ലാ ജീവനക്കാർക്കും അവധി അനുവദിക്കുക, പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗ്രാറ്റ്വിറ്റി അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ശിപാർശകൾ. എൻ.എഫ്.പി.ഇ സംസ്ഥാന കൺവീനർ പി.കെ. മുരളീധരൻ, സർക്കിൾ പ്രസിഡൻറ് ജേക്കബ് തോമസ്, എൻ.എഫ്.പി.ഒ അസി. സർക്കിൾ സെക്രട്ടറി എം.എസ്. ചന്ദ്രബാബു, ബി.എസ്. വേണു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story