Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTഅമ്മൻനടയിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുത്തു
text_fieldsbookmark_border
ഇരവിപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം കോർപറേഷനിലെ അമ്മൻനട ഡിവിഷനിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുത്തു. ഇടത്, വലതുമുന്നണികളും ബി.ജെ.പിയും സജീവമായി പ്രവർത്തനരംഗത്തുണ്ട്. 4768 വോട്ടർമാരുള്ള ഡിവിഷനിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 2467 സ്ത്രീവോട്ടർമാരും 2301 പുരുഷവോട്ടർമാരുമാണ് ഡിവിഷനിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 776 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സി.പി.എമ്മിലെ അൻജു കൃഷ്ണൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. സിറ്റിങ് സീറ്റ് നിലനിർത്തുന്നതിന് നഗരസഭ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച ചന്ദ്രികാ ദേവിയെയാണ് എൽ.ഡി.എഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കൊല്ലം കോർപറേഷനിലെ മുൻ ഉദ്യോഗസ്ഥയായ ഇവർ തിരുവനന്തപുരം കോർപറേഷനിൽനിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്. കെ.എം.സി.എസ്.യുവിെൻറ സംസ്ഥാന വൈസ് പ്രസിഡൻറായും വനിത സബ്കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. സർവിസിൽനിന്ന് വിരമിച്ച ശേഷം നാട്ടിൽ സി.പി.എമ്മിെൻറ പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനരംഗത്തും സജീവമാണ്. മുമ്പ് യു.ഡി.എഫിനെ തുണച്ചിട്ടുള്ള അമ്മൻനട ഡിവിഷൻ തിരിച്ചുപിടിക്കുന്നതിനായി മുൻ കോർപറേഷൻ കൗൺസിലറെ തന്നെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. 2000ലും 2010ലും കടപ്പാക്കട ഡിവിഷൻ കൗൺസിലറായിരുന്ന ഒ. ജയശ്രീയാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും സഹകരണ വിഷയത്തിൽ ഡിപ്ലോമയുമുള്ള ഇവർ സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കോർപറേഷനിൽ ലയിപ്പിച്ച വടക്കേവിള പഞ്ചായത്തിലും ഇവർ അംഗമായിരുന്നിട്ടുണ്ട്. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പം വോട്ട്നേടിയ ബി.ജെ.പി ഇക്കുറി അധ്യാപികയെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡൻറ് പട്ടത്താനം രാധാകൃഷ്ണെൻറ ഭാര്യ പി. ഗംഗയാണ് ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നത്. ഡിവിഷനിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടി യു.ഡി.എഫും ബി.ജെ.പിയും വോട്ട് തേടുമ്പോൾ കോർപറേഷെൻറ ഭരണനേട്ടങ്ങളും ഡിവിഷനിൽ നടന്നിട്ടുള്ള വികസനപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. 29ന് പ്രചാരണം അവസാനിക്കും മുമ്പ് മുഴുവൻ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് തേടുന്ന തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. 31നാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story