സുബൻ ജീവിതത്തിലേക്ക്​ മടങ്ങി, വീട്ടുകാർക്കൊപ്പം...

05:47 AM
16/05/2018
മയ്യനാട്: വിദേശ വനിതയുടെ കാരുണ്യത്തിൽ ജീവിതം തിരിച്ചുകിട്ടിയ ഒഡിഷ യുവാവിന്, അഞ്ചുവർഷത്തിനുശേഷം വീട്ടുകാരും സ്വന്തമായി. സുബൻ കുമാർ സാഹുവാണ് പിതാവിനൊപ്പം നാട്ടിലേക്ക് മടങ്ങിയത്. 2013 ഡിസംബർ ഒന്നിന് ദേശീയപാതയിൽ ചാത്തന്നൂരിൽനിന്നാണ് ഒരു വിദേശ വനിത പരിക്കേറ്റ് അവശനായ നിലയിൽ ഇയാളെ മയ്യനാട് എസ്.എസ് സമിതി അഭയ കേന്ദ്രത്തിൽ എത്തിച്ചത്. പരിക്കേറ്റ കാലുകളുമായി ഒരു ടയറിലിരുന്ന് നിലവിളിച്ച് റോഡിലൂടെ ഉരഞ്ഞുനീങ്ങുന്നത് ഒാട്ടോയിൽ പോകുകയായിരുന്ന വിദേശ വനിതയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മനോനില തെറ്റിയ അവസ്ഥയിലായിരുന്നു സുബൻ. അഭയകേന്ദ്രത്തിലെത്തിച്ചശേഷം വനിത പോകുകയും ചെയ്തു. അപകടത്തിൽ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട സുബന് ഫിസിയോ തെറപ്പിയിലൂടെ ചലനശേഷി തിരികെ കിട്ടി. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെയും ഡോ. ആൽഫ്രഡ് വി. സാമുവലി​െൻറയും നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ മനോനില വീണ്ടെടുത്തതോടെ ഇയാളുടെ പേരും വിലാസവും സമിതി അധികൃതർ ശേഖരിച്ചു. ഒഡിഷയിലെ കർഷക കുടുംബാംഗമായ ഇയാളെ ഒമ്പത് കൊല്ലം മുമ്പാണ് കാണാതായത്. വിവരമറിഞ്ഞ ഉടൻ മകനെ കൊണ്ടുവരാൻ പിതാവ് രൂപേഷ് പെർസാഹു കേരളത്തിലേക്ക് തിരിച്ചു. ചൊവ്വാഴ്ച എസ്.എസ് സമിതിയിലെത്തി മകനെ കണ്ട പിതാവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ വാരിപ്പുണർന്നശേഷം വിവരം ഫോണിലൂടെ വീട്ടുകാരെ അറിയിച്ചു. എല്ലാവർക്കും നന്ദി അറിയിച്ച് പിതാവിനും പിതൃസഹോദര പുത്രനുമൊപ്പം സുബൻ കുമാർ സാഹു സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി.
Loading...
COMMENTS