Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 11:08 AM IST Updated On
date_range 11 May 2018 11:08 AM ISTകോർപറേഷൻ കൗൺസിൽ ടി.സിക്ക് കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് കൗൺസിലർമാർ
text_fieldsbookmark_border
തിരുവനന്തപുരം: കെട്ടിടങ്ങൾക്ക് ടി.സി നൽകുന്നതുമായി ബന്ധപ്പെട്ട് കോർപറേഷൻ സോണൽ ഒാഫിസുകളിൽ ചില ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നുവെന്ന രൂക്ഷ വിമർശനത്തിൽ രാഷ്ട്രീയഭേദം മറന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ കൈകോർത്തു. ഭരണപക്ഷത്തുനിന്ന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ അംഗങ്ങൾ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിൽ തിരിഞ്ഞതോടെ വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗം കൈക്കൂലിക്കെതിരെ ശക്തമായ താക്കീതായി. അഞ്ചുലക്ഷം കൈക്കൂലി കൊടുത്തയാൾക്ക് ടി.സി നൽകിയെന്നും വർഷങ്ങൾക്കിപ്പുറവും പാവങ്ങൾ സ്വന്തം കെട്ടിടങ്ങൾക്ക് ടി.സി കിട്ടാതെ അലയുകയാണെന്നും ചൂണ്ടിക്കാട്ടി കരമന അജിത്താണ് ചർച്ചക്ക് തുടക്കമിട്ടത്. കരമന- കളിയിക്കാവിള ദേശീയപാത വികസനത്തിന് ഭൂമി വിട്ടുകൊടുത്തവർ, അവശേഷിക്കുന്ന ഭൂമിയിൽ നിർമിച്ച കെട്ടിടങ്ങൾക്കാണ് ടി.സി നൽകാൻ കരമന, നേമം സോണൽ ഒാഫിസുകളിലെ ആർ.െഎമാർ തയാറാകാത്തത്. കെട്ടിട നിർമാണ ചട്ടത്തിെൻറ ഒാരോ നൂലാമാലകൾ ചൂണ്ടിക്കാട്ടി ഇവർ വട്ടംകറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുമ്പ് പല കൗൺസിലിലും താൻ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് തുറന്നടിച്ചാണ് ഉണ്ണികൃഷ്ണൻ രംഗത്തുവന്നത്. 4000 രൂപയും 1000 രൂപയും കൈക്കൂലി വാങ്ങിയ ആർ.െഎമാരെ തനിക്കറിയാം. നേരത്തേ, ആരോപണവിധേയനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ കരമനനിന്ന് നേമത്തേക്കാണ് മാറ്റിയത്. ഇതാണ് കോർപറേഷനിൽ നിലനിൽക്കുന്ന നടപടിയെന്നും ഉണ്ണികൃഷ്ണൻ ആരോപിച്ചു. അനധികൃത നിർമാണങ്ങൾ നിർബാധം തുടർന്നിട്ടും അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കുന്നില്ലെന്ന് ബി.ജെ.പി നേതാവ് ഗിരികുമാറും നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ ആർ. സതീഷ്കുമാറും ചൂണ്ടിക്കാട്ടി. നിരവധിപേർ ടി.സിക്കായി കാത്തുനിൽക്കുേമ്പാൾ ഒരാൾക്കുമാത്രം എങ്ങനെ ടി.സി കിട്ടിയെന്നത് അന്വേഷിക്കണമെന്ന് പാളയം രാജൻ ആവശ്യെപ്പട്ടു. സ്വമനസ്സാൽ ഭൂമി വിട്ടുകൊടുത്തവരുടെ പ്രശ്നത്തിന് പ്രത്യേക പരിഗണന നൽകണമെന്ന് എസ്. പുഷ്പലത പറഞ്ഞു. കരമനയിലും നേമത്തും മാത്രമല്ല, കോർപറേഷന് കീഴിലെ എല്ലാ സോണൽ ഒാഫിസുകളിലും കൈക്കൂലി നടമാടുകയാണെന്ന് ജോൻസൺ ജോസഫ് പറഞ്ഞു. പണം നൽകി ടി.സി കരസ്ഥമാക്കിയയാളുടെ ടി.സി ആദ്യം റദ്ദുചെയ്യണമെന്നും അതിനുശേഷം അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും ആർ.പി. ശിവജി ആവശ്യപ്പെട്ടു. എന്നാൽ, അത് ശരിയാകില്ലെന്നും ആദ്യം വേണ്ടത് സമഗ്രമായൊരു അന്വേഷണമാണെന്നും ഡി. അനിൽകുമാറും ബീമാപള്ളി റഷീദും ആവശ്യെപ്പട്ടു. അഴിമതിക്കെതിരെ കൗൺസിൽ യോഗം ഒറ്റക്കെട്ടായപ്പോൾ അന്വേഷണം നടത്തി അടുത്ത കൗൺസിലിൽ റിപ്പോർട്ട് സമർപ്പിക്കാൻ മേയർ വി.കെ. പ്രശാന്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്തുവന്ന സാനിേട്ടഷൻ വർക്കർമാർ, ഡ്രൈവർമാർ എന്നിവരുടെ കാലാവധി നീട്ടുന്നകാര്യവും രണ്ട് ബിൽകലക്ടർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യവും പ്രതിപക്ഷ വിേയാജിപ്പിെൻറ അടിസ്ഥാനത്തിൽ അടുത്ത കൗൺസിലിലേക്ക് മാറ്റി. വിവിധ സ്ഥിരം സമിതികൾ പാസാക്കിയ വിഷയങ്ങളും അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story