Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:44 AM IST Updated On
date_range 8 May 2018 10:44 AM IST'കുറ്റവിചാരണ ഹരജി' ഭരണഘടന ബെഞ്ചിന്
text_fieldsbookmark_border
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ പ്രമേയ നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയതിനെതിരെ കോൺഗ്രസ് എം.പിമാർ സമർപ്പിച്ച ഹരജി നാലു കൊളീജിയം ജഡ്ജിമാരെ മറികടന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിട്ടു. ഒരു ജഡ്ജിയുമായി ബന്ധപ്പെട്ട കേസിൽ ആ ജഡ്ജി ഇടപെടരുതെന്ന സുപ്രീംകോടതി കീഴ്വഴക്കം കാറ്റിൽ പറത്തിയാണ് ചീഫ് ജസ്റ്റിസ് സ്വന്തം ഇഷ്ടപ്രകാരം രൂപവത്കരിച്ച ബെഞ്ചിലേക്ക് ഹരജി മാറ്റിയത്. തനിക്ക് തൊട്ടു താഴെയുള്ള നാലു ജഡ്ജിമാരെയും ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യസഭ എം.പിമാരായ പ്രതാപ് സിങ് ബജ്‌വ, അമീ ഹര്‍ഷാദ്‌റെ യാഗ്നിക് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ ഹരജികള്‍ ചീഫ് ജസ്റ്റിസിന് മുമ്പാകെ പരാമര്‍ശിക്കുന്ന പതിവിന് വിരുദ്ധമായി അഭിഭാഷകരായ കപില്‍ സിബൽ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഇൗ ഹരജി സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ജെ. െചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമര്‍ശിക്കുകയായിരുന്നു. ആരോപണം ചീഫ് ജസ്റ്റിസിനെതിരെ ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇരുവരും വിശദീകരിച്ചു. ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ ചെലമേശ്വര്‍ നിര്‍ദേശിച്ചുവെങ്കിലും ഇരുവരും നിലപാട് ആവർത്തിച്ചു. ഇതോടെ ജസ്റ്റിസ് ചെലമേശ്വർ അക്കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്ന് എല്ലാവരും ഉറ്റുനോക്കുന്നതിനിടയിലാണ്, ചീഫ് ജസ്റ്റിസ് തനിക്ക് പ്രിയപ്പെട്ട അഞ്ചു ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചുണ്ടാക്കി ആ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചത്. സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ ആറാമനായ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിൽ അദ്ദേഹത്തിെൻറ ജൂനിയറായി വരുന്ന ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, അരുൺ മിശ്ര, ആദർശ് കുമാർ ഗോയൽ എന്നിവരാണ് മറ്റംഗങ്ങൾ. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവരെ മാറ്റിനിർത്തുകയും ചെയ്തു. ഇതു രണ്ടാം തവണയാണ് താൻ ആേരാപണ വിധേയനായ കേസ് ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചുണ്ടാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവർക്ക് നൽകുന്നത്. സുപ്രീംകോടതി വിധിക്ക് കൈക്കൂലി വാങ്ങിയതിന് സി.ബി.െഎ രജിസ്റ്റർ ചെയ്ത പ്രസാദ് എജുക്കേഷൻ ട്രസ്റ്റിെൻറ കേസിൽ ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയർന്ന സമയത്തായിരുന്നു ഇത്. ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് ചെലമേശ്വർ പുറപ്പെടുവിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അന്ന് അസാധുവാക്കി. കേസുകൾ ഏത് ബെഞ്ചിന് നൽകണമെന്നത് തീരുമാനിക്കുന്ന പരമാധികാരി താൻ തന്നെയാണെന്ന് അദ്ദേഹം തന്നെ അധ്യക്ഷനായ ബെഞ്ച് ഇതിനായി ഒരു വിധിയുമിറക്കി. അന്നിറക്കിയ ആ വിധിയുടെ പിൻബലത്തിലാണ് ജസ്റ്റിസ് ചെലമേശ്വർ ചൊവ്വാഴ്ച പരാമർശിക്കാൻ പറഞ്ഞ തന്നെക്കുറിച്ചുള്ള കുറ്റവിചാരണ ഹരജിയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വന്തം നിലക്ക് ഒരു ബെഞ്ചുണ്ടാക്കി ആ ബെഞ്ചിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story