Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:51 AM IST Updated On
date_range 3 May 2018 10:51 AM ISTയു.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ പെട്രോൾ, ഡീസല്‍ നികുതികൊള്ളക്കും വിലവര്‍ധനക്കുമെതിരെ യു.ഡി.എഫിെൻറ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മൂന്ന് കാളവണ്ടികളിൽ കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷനേതാവും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും ജനപ്രതിനിധികളും രാജ്ഭവനിന് മുന്നിൽ എത്തി. സൈക്കിളിലും കാൽനടയായും പ്രവർത്തകരും കൂടെയുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാർച്ച് ഉദ്ഘാടനം ചെയ്തു. ഒരേ നുകം െവച്ച കാളകളെപ്പോലെ, ജനത്തെ കൊള്ളയടിക്കുന്നതിൽ മോദിയും പിണറായിയും തമ്മിൽ വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. പെട്രോൾ--ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാറും അധികനികുതി വേണ്ടെന്നുവെക്കാൻ സംസ്ഥാന സർക്കാറും തയാറാകണം. യു.ഡി.എഫ് ഭരണകാലത്ത് ജനങ്ങളുടെ തലയിൽ അധികഭാരം അടിച്ചേൽപിച്ചിരുന്നില്ല. പാവപ്പെട്ടവരുടെ ശബ്ദം സർക്കാറുകളുടെ കാതിൽ എത്തുന്നതിനുവേണ്ടി ശക്തമായ സമരപരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനനികുതി വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പള്ളവീർപ്പിക്കുകയാണെന്ന് തുടർന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അഭിപ്രായപ്പെട്ടു. എല്ലാദിവസവും 10, 20, 50 പൈസ കൂട്ടുന്ന സമ്പ്രദായമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ശശി തരൂർ എം.പി സൂചിപ്പിച്ചു. ഒരാളെ ഒരിക്കൽ തലവെട്ടുന്നതിന് പകരം ആയിരം തവണ കുത്തിയിട്ട് തലവെട്ടുന്നതിന് സമാനമായ നടപടിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. 55 ശതമാനം നികുതിയാണ് ജനം നൽകുന്നത്. സർക്കാറിെൻറ പോക്കറ്റിലേക്കാണ് ഈ പണമെല്ലാം എത്തുന്നതെന്നും തരൂർ പറഞ്ഞു. യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ, എം.എൽ.എമാരായ കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, എൻ.എ. നെല്ലിക്കുന്ന്, ഉബൈദുള്ള, എം. വിൻസൻറ് , കെ.എസ്. ശബരീനാഥൻ, അൻവർ സാദത്ത്, കൊടിക്കുന്നിൽ സുരേഷ് എം.പി, നേതാക്കളായ എ.എ. അസീസ്, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, ദേവരാജന്‍, തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, പീതാംബരക്കുറുപ്പ്, ബാബുപ്രസാദ്, സജീവ് ജോസഫ്, മൺവിള രാധാകൃഷ്ണൻ, ജോൺസൺ എബ്രഹാം, നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ, കരകുളം കൃഷ്ണപിള്ള, സോളമൻ അലക്സ്, ബീമാപള്ളി റഷീദ്, ജനതാദൾ യു.ഡി.എഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് അഡ്വ. ജോൺ ജോൺ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story