Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:47 AM IST Updated On
date_range 3 May 2018 10:47 AM ISTതാമ്പരം എക്സ്പ്രസ് ആര്യങ്കാവിൽ നിർത്തിത്തുടങ്ങി
text_fieldsbookmark_border
*സ്റ്റോപ് അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു പുനലൂർ: കൊല്ലം- ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിൽ പുതുതായി ആരംഭിച്ച താമ്പരം എക്സ്പ്രസിന് ആര്യങ്കാവിൽ സ്റ്റോപ്പായി. മുന്നറിയിപ്പില്ലാതെ ചൊവ്വാഴ്ച മുതലാണ് ആര്യങ്കാവിൽ ട്രെയിൻ നിർത്തിത്തുടങ്ങിയത്. പുനലൂർ- ചെങ്കോട്ട ബ്രോഡ്ഗേജ് പൂർത്തിയായി ആദ്യമായി താമ്പരത്തുനിന്ന് കൊല്ലത്തേക്ക് തുടങ്ങിയ ഈ ട്രെയിനിന് കിഴക്കൻ മേഖലയിലെ പ്രധാന സ്റ്റേഷനായ ആര്യങ്കാവിൽ സ്റ്റോപ് അനുവദിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തമിഴ്നാട്ടിലെ ഭഗവതിപുരം കഴിഞ്ഞാൽ 25 കിലോമീറ്ററോളം അകലെ തെന്മലയിലാണ് സ്റ്റോപ് അനുവദിച്ചിരുന്നത്. ഇതിനിടയിൽ ആര്യങ്കാവ്, ന്യൂ ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി സ്റ്റേഷനുകൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ സ്റ്റോപ് ഇല്ലായിരുന്നു. ഇതുകാരണം ആര്യങ്കാവ് മേഖലയിലുള്ളവർക്ക് പുതിയ ട്രെയിൻ പ്രയോജനമില്ലാതായി. പ്രതിഷേധത്തെതുടർന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി കഴിഞ്ഞ 19ന് മധുരയിൽ റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിൽ താമ്പരം സ്പെഷൽ സർവിസ് മാറി എല്ലാ ദിവസവും സർവിസ് നടത്തുമ്പോൾ ആര്യങ്കാവിൽ സ്റ്റോപ് അനുവദിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, സ്പെഷൽ സർവിസായി ഓടുമ്പോഴാണ് മേയ് ഒന്നുമുതൽ ആര്യങ്കാവിൽ നിർത്തിത്തുടങ്ങിയത്. ഇത് സംബന്ധിച്ച് മുന്നറിയിപ്പില്ലാത്തതിനാൽ ആര്യങ്കാവ് സ്റ്റേഷനിൽ ഇറങ്ങാനും കയറാനും വിരലിലെണ്ണാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. കൂടാതെ എക്സ്പ്രസ് ട്രെയിനായതിനാൽ ടിക്കറ്റ് ചാർജ് കൂടുതലായതിനാലും എല്ലായിടത്തും നിർത്താത്തതിനാലും സാധാരണ യാത്രക്കാർക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല. ഈ പാതയിൽ പാസഞ്ചർ ട്രെയിൻ ഓടിച്ചാലേ തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണയാത്രക്കാർക്ക് ഗുണം ലഭിക്കൂ. അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ: ഔട്ട്പോസ്റ്റ് നവീകരണം തുടങ്ങി പുനലൂർ: അച്ചൻകോവിൽ പൊലീസ് ഔട്ട്പോസ്റ്റ് നവീകരണം ആരംഭിച്ചു. നിലവിലെ ഔട്ട്പോസ്റ്റാണ് സ്റ്റേഷനായി ഉയർത്തിയത്. ഉടൻതന്നെ പ്രവർത്തനം തുടങ്ങുന്നതിനാണ് ഔട്ട്പോസ്റ്റിെൻറ അറ്റകുറ്റപ്പണി തുടങ്ങിയത്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഏഴ് പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് അച്ചൻകോവിലിലേത്. ഒരു വർഷം മുമ്പ് സ്റ്റേഷനായി ഉയർത്തിയെങ്കിലും ഇവിടെക്കാവശ്യമായ 32 തസ്തികൾ അനുവദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവിറങ്ങിയത്. വളരെ പഴക്കമുള്ളതും സ്ഥലപരിമിതിയുമുള്ളതാണ് നിലവിലെ കെട്ടിടം. താൽക്കാലികമായി ഈ കെട്ടിടത്തിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയശേഷം പുതിയ കെട്ടിടവും ജീവനക്കാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും നിർമിക്കും. ഇതിനാവശ്യമായ സ്ഥലവും ഔട്ട്പോസ്റ്റിനോട് അനുബന്ധിച്ചുണ്ട്. സ്റ്റേഷെൻറ അധികാരപരിധി കുറവായതിനാൽ ജോലിഭാരവും മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് കുറവായിരിക്കും. മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി ധർണ നാളെ പുനലൂർ: സ്പെഷൽ റിക്രൂട്ട്മെൻറ് അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് പുനലൂർ താലൂക്ക് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച പോസ്റ്റ് ഓഫിസ് ജങ്ഷനിൽ സായാഹ്ന ധർണ നടത്തും. പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്യും. വ്യക്തിനിയമ സംരക്ഷണസമിതി ജില്ല ചെയർമാൻ മൂവാറ്റുപുഴ അഷറഫ് മൗലവി മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story