Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:57 AM IST Updated On
date_range 1 May 2018 10:57 AM ISTവിഴിഞ്ഞം പദ്ധതി: കരിങ്കല്ല് കിളിമാനൂരിൽനിന്ന് കടൽവഴി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിെൻറ പുലിമുട്ട് നിർമാണത്തിന് ആവശ്യമായ കരിങ്കല്ല് കിളിമാനൂരിൽനിന്ന് കടൽവഴിയെത്തിക്കും. തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം, കൊല്ലം എന്നിവിടങ്ങളിലെ ക്വാറികളിൽനിന്ന് കരിങ്കല്ല് എത്തിക്കാനുള്ള ചർച്ചകൾക്കൊടുവിലാണ് കിളിമാനൂർ ഉറപ്പിച്ചത്. കിളിമാനൂരിലെ ക്വാറിയിൽനിന്ന് പെരുമാതുറ വരെ റോഡ് മാർഗം എത്തിച്ചശേഷം മുതലപ്പൊഴി ഹാർബറിൽനിന്ന് ബാർജ് വഴി വിഴിഞ്ഞം പദ്ധതി പ്രദേശത്തെത്തിക്കും. പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ലും മെറ്റലും ലഭിക്കാത്തത് പ്രവൃത്തി നിലയ്ക്കാൻ വരെ ഇടയാക്കിയിരുന്നു. കരിങ്കൽ ലഭ്യതക്കുറവ് മറികടക്കാൻ കടൽവഴി എത്തിക്കാൻ നേരത്തേ സർക്കാർ അനുമതി നൽകുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് അദാനി പോർട്സ് ലിമിറ്റഡ് അധികൃതർ കിളിമാനൂരിലെ ക്വാറിയിലെത്തി പരിശോധന നടത്തിയത്. 3.1 കിലോമീറ്റർ ദൈർഘ്യമുള്ള പുലിമുട്ടിെൻറ 600 മീറ്റർ മാത്രമാണ് ഇതിനകം കല്ലിട്ടത്. ആവശ്യമായ പാറ ലഭിക്കാത്തതിനാൽ പ്രവൃത്തി പാതിവഴിയിൽ തടസ്സപ്പെട്ടു. ഇനി 70 ലക്ഷം ടൺ കരിങ്കല്ല് കൂടി പദ്ധതിക്ക് ആവശ്യമുണ്ട്. ഇതിൽ നല്ലൊരു ശതമാനവും കിളിമാനൂരിൽനിന്ന് ലഭിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. കടൽവഴി കരിങ്കല്ല് കൊണ്ടുവരുന്നതിെൻറ ഭാഗമായുള്ള പ്രവൃത്തി ഉടൻ തുടങ്ങും. കൂറ്റൻ ബാർജുകൾ ഹാർബറിൽ അടുപ്പിക്കാൻ കടൽ ആഴം കൂട്ടുകയാണ് പ്രധാന പ്രവൃത്തി. വിഴിഞ്ഞത്ത് ആഴം കൂട്ടുന്ന ഡ്രഡ്ജറുകൾ ഇതിനായി പെരുമാതുറ മേഖലയിൽ എത്തിക്കും. അരകിലോമീറ്റർ ചുറ്റളവിലാണ് ആഴം കൂട്ടുക. നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ് പരിഹരിച്ചാലും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാനാവില്ല. 2019 ഡിസംബർ നാലിനകംതന്നെ പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് സർക്കാറും അദാനി പോട്സ് ലിമിറ്റഡും ഉണ്ടാക്കിയ കരാർ. ഒാഖി ദുരന്തം, പദ്ധതിക്കെതിരെ പ്രദേശവാസികളുടെ സമരം, നിർമാണ വസ്തുക്കളുടെ ക്ഷാമം എന്നിവ മുൻനിർത്തി കാലാവധി 16 മാസം നീട്ടിനൽകണമെന്നാണ് അദാനി ഗ്രൂപ്പിെൻറ ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല. പദ്ധതിയുടെ നാലിലൊന്ന് പോലും നിശ്ചിത സമയത്തിനകം പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ 18.96 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി പോർട്സ് ലിമിറ്റഡിന് നോട്ടീസ് നൽകിയിട്ടുണ്ട്. 2017 ഒക്ടോബർ 24ന് മുമ്പ് പദ്ധതിയുടെ 25 ശതമാനമെങ്കിലും പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ വൈകുന്ന ഒാരോദിവസത്തിനും 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story