Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 11:02 AM IST Updated On
date_range 20 March 2018 11:02 AM ISTകുടിവെള്ളമില്ല; ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യ ഭീഷണി
text_fieldsbookmark_border
നാട്ടുകാരുടെ പ്രതിഷേധത്തിനിടെയാണ് സംഭവം ചൊവ്വാഴ്ച ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു കണ്ണനല്ലൂർ: നിർമാണം പൂർത്തിയായി ട്രയൽ റൺ നടത്തുന്ന കുടിവെള്ള പദ്ധതിയിൽനിന്ന് ജലവിതരണം നടത്താൻ അധികൃതർ തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ജല ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. മാതൃക പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജലവിതരണ പദ്ധതിയുടെ പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. കണ്ണനല്ലൂർ ചന്ത മൈതാനത്ത് കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയ തൃക്കോവിൽവട്ടം കുടിവെള്ള പദ്ധതിയിൽനിന്ന് അടിയന്തരമായി കണ്ണനല്ലൂർ ജങ്ഷനിലും പരിസരത്തും ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. രാവിലെ പത്തരയോടെ സമരസമിതി നേതാവ് റിൻഷാദ് ഖാെൻറ നേതൃത്വത്തിൽ പ്രദേശവാസികളായ സ്ത്രീകളും നാട്ടുകാരും ചേർന്ന് പദ്ധതിയുടെ പ്രധാന ഗേറ്റിൽ ഉപരോധസമരം ആരംഭിച്ചു. ഗേറ്റുകൾ അകത്തുനിന്ന് പൂട്ടിയതിനാൽ പ്രതിഷേധക്കാർക്ക് അകത്ത് കടക്കാനായില്ല. ഇതിനിടെ മതിൽ ചാടി അകത്തുകടന്ന രണ്ടുപേർ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണനല്ലൂർ പൊലീസ് ഔട്ട് പോസ്റ്റിൽനിന്ന് പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥിെൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവർ പ്രതിഷേധക്കാരുമായും പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടതിനെ തുടർന്ന് കൊല്ലത്തുനിന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ വർഗീസ് എബ്രഹാം എത്തി. ഇതിനെ തുടർന്ന് ചൊവ്വാഴ്ച കൊട്ടിയം സി.ഐയുടെ സാന്നിധ്യത്തിൽ കണ്ണനല്ലൂർ പൊലീസ് ഔട്ട് പോസ്റ്റിൽെവച്ച് പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുകൊടുത്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പദ്ധതി പൂർത്തിയാക്കി ട്രയൽ റൺ നടത്തിയപ്പോൾ കണ്ണനല്ലൂർ നിവാസികൾക്ക് വെള്ളം നൽകാതെ മറ്റിടങ്ങളിലേക്ക് തുറന്നുവിടുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ, മുൻ അംഗം അബ്ദുൽ ഗഫൂർ ലബ്ബ, സുധീർ ചേരിക്കോണം, തൗഫീക്ക്, പ്രദീപ്, മോഹനൻ, രാജൻ, ബിനു, അയ്യൂബ് ഖാൻ, സന്തോഷ്, മനോജ്, ഷെഫീക്ക്, ലാൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story