തടയണ അടച്ചില്ല; ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നു

05:42 AM
14/03/2018
ആയൂർ: വേനൽ രൂക്ഷമായിട്ടും കാട്ടുവാമുക്ക് പമ്പ് ഹൗസിനോട് ചേർന്നുള്ള തടയണ അടച്ചില്ല. ഇതുകാരണം ഇത്തിക്കരയാറ്റിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ ജലവിതരണത്തിന് പമ്പിങ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. പെരുങ്ങള്ളൂർ, കാട്ടുവാമുക്ക്, കോഴിപ്പാലം, മലപ്പേരൂർ, ജവഹർ സ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെ പ്രദേശവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പമ്പ് ഹൗസാണ് അധികൃതരുടെ അനാസ്ഥമൂലം ദുരിതപർവം പേറുന്നത്. തടയണയുടെ ഷട്ടറുകൾ അടച്ചാൽ ആറ്റിൽ ജലനിരപ്പ് ഉയരുകയും പ്രദേശത്തെ കിണറുകളിൽ ശുദ്ധജലം ലഭ്യമാവുകയും ചെയ്യും. ഇത്തിക്കരയാറ്റിൽ ജലലഭ്യത ഉറപ്പാക്കുന്നതിനും പമ്പ് ഹൗസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് കോടികൾ മുടക്കി ഇവിടെ തടയണ നിർമിച്ചത്. അതേസമയം, ഷട്ടറുകൾ അടക്കാത്തതിനാൽ ആറ്റിൽ വെള്ളം കെട്ടിനിൽക്കാതെ ഒഴുകിമാറുകയായിരുന്നു. തടയണയോട് ചേർന്ന ഭാഗത്ത് അനധികൃത മീൻപിടിത്തം വർധിച്ചതായും ഇവരാണ് ഷട്ടറുകൾ എടുത്തുകളഞ്ഞതെന്നും ആരോപണം ഉയർന്നിരുന്നു. ആറ്റിൽ ഉപേക്ഷിച്ച ഷട്ടറുകൾ ഒഴുകിപ്പോയതാകാമെന്ന് സംശയിക്കുന്നു. ഷട്ടറുകൾ പുനഃസ്ഥാപിക്കാത്തത് കാരണം ആറ്റിലെ ജലം ഒഴുകിപ്പോവുകയാണ്. ഇതുമൂലം പമ്പ് ഹൗസി​െൻറ പ്രവർത്തനത്തെ സഹായിക്കുന്ന കിണറി​െൻറ സ്ലാബുകൾ പുറത്തുകാണുന്ന നിലയിലായിട്ടുണ്ട്. പ്രദേശത്ത് ഇത്തിക്കരയാറ്റിൽ ശേഷിക്കുന്ന ജലമെങ്കിലും തടഞ്ഞുനിർത്തി ജലനിരപ്പ് ഉയർത്തിയാൽ മാത്രമേ കടുത്ത വേനലിനെ നേരിടാൻ കഴിയൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.
COMMENTS