Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:38 AM GMT Updated On
date_range 2018-03-14T11:08:59+05:30വിവേകാനന്ദനും ഗംഗക്കും ഇത് പുതുജീവിതം
text_fieldsനഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ഭർത്താവിനെ കണ്ടെത്തി; സന്തോഷവും സങ്കടവും അടക്കാനാകാതെ ഗംഗ മയ്യനാട്: എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന ഭർത്താവിനെ വർഷങ്ങൾക്കുശേഷം അഭയകേന്ദ്രത്തിൽ കണ്ടുമുട്ടിയപ്പോൾ തമിഴ്നാട് തെങ്കാശി കുളത്തൂർ അയ്യനാർ കോവിൽ സ്വദേശിയായ ഗംഗക്ക് സന്തോഷവും സങ്കടവും അടക്കാനായില്ല. ഇരുവരും സന്തോഷം കൊണ്ട് ആശ്ലേഷിച്ചപ്പോൾ വീണ്ടുമൊരു പുനഃസമാഗമത്തിനുകൂടി ചൊവ്വാഴ്ച മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം വേദിയായി. മനോനില തെറ്റി നാലുവർഷം മുമ്പ് നാടുവിട്ടതായിരുന്നു തെങ്കാശി സ്വദേശിയായ വിവേകാനന്ദൻ (59). അലയുന്ന നിലയിൽ ചാത്തന്നൂരിൽ കണ്ട നാട്ടുകാരാണ് ഇയാളെ എസ്.എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ചത്. നാടോ വീടോ പറയാൻ പറ്റാത്തവിധം മനോരോഗം മൂർച്ഛിച്ച നിലയിലായിരുന്ന ഇദ്ദേഹത്തെ എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയും മനോരോഗ ചികിത്സക്ക് വിധേയമാക്കുകയും മയ്യനാട് ഹെൽത്ത് സെൻററിലെ ജില്ല മെൻറൽ ഹെൽത്ത് പ്രോഗ്രാം ക്ലാസിൽ പങ്കെടുപ്പിക്കുകയും ചെയ്തു. തുടർന്നാണ് മനോനില വീണ്ടുകിട്ടിയത്. പിന്നീട് തമിഴ്നാടിലെ തെൻറ മേൽവിലാസം വിവേകാനന്ദൻ പറഞ്ഞുകൊടുത്തു. സമിതി പ്രവർത്തകനായ മാത്യു വാഴക്കുളം തെങ്കാശി കുളത്തൂർ അയ്യനാർ കോവിലിലെ വീട്ടിലെത്തി വിവേകാനന്ദൻ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലുണ്ടെന്ന് ഭാര്യ ഗംഗയെ അറിയിക്കുകയായിരുന്നു. ഭർത്താവിനെ കാണാതായ നാൾ മുതൽ പ്രാർഥനയോടെ കഴിഞ്ഞിരുന്ന ഗംഗ മരുമക്കളോടൊപ്പം എസ്.എസ് സമിതിയിലെത്തി. ഭാര്യയൊടൊപ്പം പോകാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെതുടർന്ന് അഭയകേന്ദ്രത്തിലെ ജീവനക്കാരും അന്തേവാസികളും ചേർന്ന് വിവേകാനന്ദനെ നാട്ടിലേക്ക് യാത്രയാക്കുകയായിരുന്നു. തെരുവിൽ ജീവിതം അസ്തമിക്കുമായിരുന്ന 627 പേരെയാണ് മയ്യനാട് എസ്.എസ് സമിതി ചികിത്സയും പരിചരണവും നൽകി പുതുജീവിതത്തിനായി സ്വന്തം വീടുകളിലേക്ക് അയച്ചിട്ടുള്ളത്.
Next Story