Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 11:11 AM IST Updated On
date_range 13 March 2018 11:11 AM ISTഇടമൺ സ്റ്റേഷനിൽ നിർമാണം പുരോഗമിക്കുന്നു; ട്രെയിൻ സർവിസ് പുനരാരംഭിച്ചു
text_fieldsbookmark_border
പുനലൂർ: ബ്രോഡ്ഗേജ് നിർമാണം അന്തിമഘട്ടത്തിലായ പുനലൂർ- ചെങ്കോട്ട ലൈനിൽ ഇടമൺ റെയിൽവേ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. ലൈനിലെ അലൈമെൻറ് മാറ്റം ഭാഗികമായി പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതൽ നിർത്തിെവച്ചിരുന്ന പുനലൂർ -ഇടമൺ സർവിസ് തിങ്കളാഴ്ച രാവിലെ മുതൽ പുനരാരംഭിച്ചു. പ്ലാറ്റ്ഫോം, പാക്കിങ്, സിഗ്നൽ എന്നിവയുടെ പണി പൂർത്തിയാകാൻ ഇനിയും ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. അടിയന്തരമായി പൂർത്തിയാക്കേണ്ടിയിരുന്ന ഷണ്ടിങ് പോയൻറ് മാറ്റം പൂർത്തിയായതിനാലാണ് ട്രെയിൻ സർവിസ് തുടങ്ങിയത്. പുതിയ ഷണ്ടിങ് പോയൻറിലാണ് തിങ്കളാഴ്ച എത്തിയ എൻജിനുകൾ ഷണ്ടിങ് നടത്തിയത്. ഷണ്ടിങ് പോയൻറ് 50 മീറ്ററോളം പടിഞ്ഞാറോട്ട് മാറി നിലവിലുള്ള പ്ലാറ്റുഫോമിനോട് ചേർന്നാണ് സ്ഥാപിച്ചത്. ഇതുകാരണം സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് ഇനി 50 മീറ്റർ നീളത്തിൽ പുതിയ പ്ലാറ്റ്ഫോം നിർമിക്കേണ്ടതുണ്ട്. കൂടാതെ നിർമാണപ്രവർത്തനത്തിനായി പാളങ്ങൾ മാറ്റേണ്ടിവന്നതിനാൽ പുതിയപാളം സ്ഥാപിച്ചിടത്ത് മെറ്റൽ പാക്കിങ് പൂർത്തിയാക്കണം. സിഗ്നൽ സംവിധാനങ്ങളും പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി പുതിയ ഉപകരണങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇടമണ്ണിലെ പണികൾ പൂർത്തിയാകുന്ന മുറക്ക് ഈ ലൈനിൽ പൂർണമായി സർവിസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. പുനലൂരിൽ റെയിൽവേ ഗേറ്റ് തകരാറിലായി; വാഹനഗതാഗതം അപകടഭീഷണിയിൽ പുനലൂർ: പേപ്പർമിൽ റോഡിലുള്ള റെയിൽവേ ഗേറ്റ് തകരാറിലായി. ഇതുമൂലം ട്രെയിൻ കടന്നുപോകുമ്പോൾ ചങ്ങലയിട്ടാണ് വാഹനഗതാഗതം തടയുന്നത്. ഗേറ്റ് തകരാറിലായത് കാൽനടക്കാർക്കും വാഹനയാത്രികർക്കും ഒരുപോലെ ഭീഷണിയായി. ഗേറ്റ് ഉയർത്തുന്നതിനും താഴ്ത്തുന്നതിനും സഹായമായി അഗ്ര ഭാഗത്തുണ്ടായിരുന്ന വെയിറ്റിങ് പാളികൾ അടർന്നുപോയതാണ് തകരാറിന് കാരണം. ഗേറ്റ് മുക്കാൽ ഭാഗം ഉയർന്നനിലയിലുമാണ്. ഇതറിയാതെ ദൂരെനിന്നും വരുന്ന വാഹനയാത്രികർ ഗേറ്റ് അടക്കാൻപോകുന്നു എന്ന ധാരണയിൽ എത്രയുംവേഗം ട്രാക്ക് കടന്ന് മറുവശത്ത് എത്താൻ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കും. ഗേറ്റ് ഒഴിവാക്കാൻ റെയിൽവേ തൊട്ടടുത്ത് നിർമിച്ച അടിപ്പാത അധികൃത അനാസ്ഥയെ തുടർന്ന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അടിപ്പാതയോട് ചേർന്നുള്ള റോഡിന് അവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ കഴിയാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story